‘കോവിഡ് പ്രതിസന്ധി അതിജീവിച്ചത് ടീം വർക്കിലൂടെ’: കെ.കെ. ശൈലജയുടെ ആത്മകഥ പ്രകാശിപ്പിച്ചു

കോവിഡ് പ്രതിസന്ധി അതിജീവിച്ചത് ടീം വർക്കിലൂടെയായിരുന്നുവെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം കെ.കെ. ശൈലജ. കോവിഡിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്ക് നല്ല വാക്കുകൾ ലഭിച്ചതിന് പിന്നിൽ പി.ആർ വർക്കാണെന്ന് വിമർശിച്ചവരുണ്ട്. ആരോഗ്യമന്ത്രിയുടെ ഓഫീസിൽ പി.ആർ ടീം ഇല്ലായിരുന്നു. നിപ്പയുടെയും കോവിഡിന്റെയും കാലത്ത് ഒപ്പമുണ്ടായിരുന്ന ആരോഗ്യ പ്രവർത്തകരെ മറക്കാനാകില്ലെന്നും പറഞ്ഞു.
പബ്ലിക് ലൈബ്രറിയിൽ ആത്മകഥ പ്രകാശിപ്പിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ. ആത്മകഥയായ ‘മൈ ലൈഫ് ആസ് എ കൊമ്രേഡ്’ പ്രൊഫ. എം.കെ. സാനു പ്രകാശിപ്പിച്ചു. ലൈബ്രറി സെക്രട്ടറി കെ.പി. അജിത്‌കുമാർ പുസ്തകം ഏറ്റുവാങ്ങി. ലൈബ്രറി പ്രസിഡന്റ് അശോക് എം. ചെറിയാൻ അധ്യക്ഷനായി. പുഷ്പ ദാസ്, ജോൺ വർഗീസ്, ഡോ. ജോ. ജോസഫ് എന്നിവർ സംസാരിച്ചു.