കളിയാട്ടങ്ങൾക്ക് സമാപനം: കളരിവാതുക്കൽ ഭഗവതിയുടെ തിരുമുടി ഇന്നുയരും

വളപട്ടണം : ഉത്തരമലബാറിലെ കളിയാട്ടങ്ങൾക്ക് സമാപനം കുറിച്ച് കളരിവാതുക്കൽ ഭഗവതിയുടെ തിരുമുടി ചൊവ്വാഴ്‌ച വൈകിട്ട് ഉയരും. മുടി ഒരുക്കം ഒരാഴ്ചമുമ്പേ തുടങ്ങിയിരുന്നു. പുഴാതി , അഴീക്കോട്, കുന്നാവ്, പള്ളിക്കുന്ന് എന്നിവിടങ്ങളിലെ ആശാരിമാരാണ് മുടി തീർത്തത്.
21 കോൽ നീളവും 5.75 കോൽ വീതിയുമുള്ള ഏഴ് കവുങ്ങ്, 16 വലിയ മുളകൾ എന്നിവകൊണ്ടാണ് തീർത്ത മുടി തീർത്തത്. ചൊവ്വാഴ്ച ഉച്ചയോടെ ചുവപ്പും വെള്ളയും കലർന്ന ഉടയാടകൾ തിരുമുടിയിൽ ചാർത്തും. വൈകിട്ട് നാലിന് തിരുമുടി ക്ഷേത്ര ശ്രീകോവിലിന് മുമ്പിൽ എത്തിക്കും.
4.30ന് മുഖ്യ കോലക്കാരനായ മൂത്താനിശേരി ബാബു പെരുവണ്ണാൻ തിരുമുടി തലയിലേറ്റും. ആറിന് തിരുമുടി അഴിക്കും. ഇതോടെ ഉത്തര മലബാറിലെ കളിയാട്ടകാലത്തിന് സമാപനമാവും.