കോഴി വില വർധന 50 രൂപ; ചിക്കൻ വിഭവങ്ങൾക്ക് കൂടിയത് പ്ലേറ്റിന് 100 രൂപ
തിരുവനന്തപുരം: കോഴി വില കിലോയ്ക്ക് 50 രൂപവരെ കൂടിയപ്പോൾ ഹോട്ടലുകളിൽ ചിക്കൻ വിഭവങ്ങൾക്ക് പ്ലേറ്റിന് 100 രൂപ വരെ കൂടി. മൂന്ന് പീസുള്ള ചിക്കൻ കറിക്ക് 160-220 രൂപ വരെയായി. ഫ്രൈ 300 രൂപയായി. രണ്ടു പീസുള്ള ബിരിയാണിക്ക് 180 -300 രൂപ. രണ്ടാഴ്ചക്കിടെയാണ് പൊള്ളുന്ന വിലക്കയറ്റം.
തമിഴ്‌നാട്ടിൽ നിന്നുള്ള കോഴിവരവ് കുറഞ്ഞത് മുതലെടുത്താണ് കഴുത്തറുപ്പ്. ഒരു കിലോ കോഴിയിറച്ചിക്ക് (ലൈവ് ചിക്കൻ)160 -180 രൂപയാണ്. രണ്ടാഴ്ച മുൻപ് 115-125 രൂപയായിരുന്നു. തട്ടുകടകളിലും ചെറിയ ഹോട്ടലുകളിലും വില കാര്യമായി കൂടാത്തതാണ് ജനങ്ങൾക്ക് ആശ്വാസം. വിഭവങ്ങളുടെ വില പ്രദർശിപ്പിക്കണമെന്നേ നിയമമുള്ളൂ. വിഭവങ്ങളുടെ അളവും വിലയും ഹോട്ടൽ ഉടമകൾക്ക് തീരുമാനിക്കാം. ഹോട്ടൽ വിഭവങ്ങൾക്ക് ഏകീകൃത വില നിർണയം വരാത്തിടത്തോളം ചൂഷണം സഹിച്ചേ പറ്റൂ. സാധന വിലയുടെയും മറ്റു ചെലവുകളുടെയും അടിസ്ഥാനത്തിൽ ഹോട്ടലുകളുടെ ഗ്രേഡ് നിശ്ചയിച്ച് ഏകീകൃത വില ഏർപ്പെടുത്തുകയാണ് പരിഹാരം. ഇതിൽ ഉപഭോക്തൃ വകുപ്പിനോ സർക്കാരിനോ മിണ്ടാട്ടമില്ല.