കേരളത്തിലെ മൂന്നാമത്തെ മൃഗശാല തളിപ്പറമ്പിലൊരുങ്ങുന്നു

Share our post

തളിപ്പറമ്പ് : തളിപ്പറമ്പിൽ മൃഗശാല വരുന്നു. പ്ലാന്റേഷൻ കോര്‍പറേഷന്റെ കീഴില്‍ ആലക്കോട് റോഡിലെ നാടുകാണി എസ്റ്റേററിലാണ് മൃഗശാല ആരംഭിക്കുന്നതെന്ന് എം.വി.ഗോവിന്ദൻ മാസ്റ്റര്‍ എം.എല്‍.എ പറഞ്ഞു. ഇതിന്റെ പ്രാരംഭ പരിശോധനയ്ക്കായി എം.വി.ഗോവിന്ദൻ എം.എല്‍.എയുടെ നേതൃത്വത്തില്‍ സംസ്ഥാന മ്യൂസിയം മൃഗശാല ഡയറക്ടര്‍ അബു ശിവദാസ് ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥ സംഘം ഇന്ന് രാവിലെ നാടുകാണി എസ്റ്റേറ്റ് സന്ദര്‍ശിച്ചു.

നാടുകാണിയിലുള്ള എസ്റ്റേറ്റില്‍ 250 ഏക്കറിലധികം സ്ഥലത്താണ് പ്ലാന്റേഷൻ കോര്‍പ്പറേഷന്റെ എസ്റ്റേറ്റ് ഉള്ളത്. കറപ്പ, കശുമാവ് കൃഷികളാണ് പ്രധാനമായും ഇവിടെ നടത്തുന്നത്. ഇതില്‍ 180 ഏക്കര്‍ സ്ഥലത്താണ് മൃഗശാല പരിഗണിക്കുന്നത്. മൃഗങ്ങള്‍ തുറസ്സായ സ്ഥലത്ത് സഞ്ചരിക്കുമ്പോൾ ജനങ്ങള്‍ക്ക് പ്രത്യേകം വാഹനങ്ങളില്‍ സഞ്ചരിച്ച്‌ ഇവയെ കാണുന്ന രീതിയിലുള്ള മൃഗശാലയാണ് ഇവിടെ പരിഗണിക്കുന്നത്. എന്നാല്‍ വര്‍ഷങ്ങള്‍ നീണ്ടേക്കാവുന്ന ഒട്ടേറെ കടമ്പകളുണ്ട്.

ഇതിന്റെ ആദ്യഘട്ടമായാണ് എം. വി.ഗോവിന്ദൻ എം.എല്‍.എയുടെ നിര്‍ദേശ പ്രകാരം സ്ഥല പരിശോധന നടത്തുന്നത്. വെള്ളക്കെട്ടില്ലാത്തതും പ്രകൃതി ദുരന്തം സംഭവിക്കാത്തതുമായ സ്ഥലമാണ് മൃഗശാലകള്‍ക്ക് പരിഗണിക്കുന്നത്. നാടുകാണിയില്‍ ഇത്തരം പ്രശ്നങ്ങള്‍ ഇല്ല. സ്ഥലം അനുയോജ്യമാണെന്ന് കണ്ടെത്തിയാല്‍ സൂ അതോറിറ്റിക്ക് അപേക്ഷ നല്‍കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!