ഇരിട്ടി ബാരാപ്പോൾ മിനി വൈദ്യുതി നിലയം ഉത്പാദനത്തിന് തയ്യാറായി

ഇരിട്ടി: അറ്റകുറ്റ പണികൾ പൂർത്തിയാക്കി ബാരാപ്പോൾ മിനി വൈദ്യുതി നിലയം ഉത്പാദനത്തിന് തയ്യാറായി. മഴ ആരംഭിച്ചതോടെ ബാരാപ്പോൾ പുഴയിലെ നീരൊഴുക്ക് വീണ്ടും വർദ്ധിച്ചു തുടങ്ങിയിട്ടുണ്ട്. രണ്ട് ദിവസം കൂടി നന്നായി മഴ ലഭിച്ചാൽ ഉത്പാദനം തുടങ്ങാൻ ആവുമെന്ന് പ്രതീക്ഷിക്കുന്നതായി കെ.എസ്.ഇ.ബി അധികൃതർ പറഞ്ഞു. വേനൽ കടുത്തതോടെ ബാരാപ്പോൾ പുഴയിൽ നീരൊഴുക്ക് ക്രമതീതമായി താണതോടെ ഏതാനും മാസങ്ങളായി ഇവിടെനിന്നുള്ള വൈദ്യുതി ഉത്പാദനം നിർത്തിയിരുന്നു. മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുന്ന ബാരാപോൾ പദ്ധതിയുടെ അതീവ സുരക്ഷാ മേഖലകളായ ട്രഞ്ച് വിയർ സൈറ്റിലും, തുറന്ന കനാൽ, ഫോർവേ ടാങ്ക്, പവർഹൗസ് എന്നിവിടങ്ങളിൽ എട്ടോളം ക്യാമറകൾ സ്ഥാപിക്കുന്ന ജോലികൾ ആരംഭിച്ചു. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജറാൾഡ് സിസ്റ്റം എന്ന കമ്പനിയാണ് ജോലികൾ പൂർത്തീകരിക്കുന്നത്. സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി നിർമ്മിക്കുന്ന പവർ ഹൗസിന്റെ പ്രധാന ഗേറ്റിന്റെ പണികളും ഉടൻ പൂർത്തിയാകും.