കൂത്തുപറമ്പിൽ ഒരുങ്ങുന്നു ഹൈടെക് ആസ്പത്രി

കൂത്തുപറമ്പ് : പരിമിതികളെ മറികടന്ന് മികച്ച ചികിത്സയൊരുക്കാൻ കൂത്തുപറമ്പ് താലൂക്ക് ആസ്പത്രി എന്നും ശ്രദ്ധിച്ചിരുന്നു. മികച്ച സൗകര്യങ്ങളോടെ കൂത്തുപറമ്പ് മൾട്ടി സ്പെഷ്യലിറ്റി ആസ്പത്രി കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാവുന്നതോടെ രോഗികൾക്ക് ആശ്വാസമാകും എന്നതിൽ സംശയമില്ല.
1957 ൽ കമ്യൂണിറ്റി ഹെൽത്ത് സെന്റർ പ്രവർത്തനം തുടങ്ങി. 2008 ൽ താലൂക്ക് ആസ്പത്രിയായും ഉയർത്തി. കെ.കെ. ശൈലജ ആരോഗ്യമന്ത്രി ആയിരുന്ന ഘട്ടത്തിലാണ് ആർദ്രം മിഷന്റെ ഭാഗമായി കൂത്തുപറമ്പ് താലൂക്ക് ആസ്പത്രിയെയും അത്യാധുനിക സംവിധാനങ്ങളുള്ള ആസ്പത്രിയായി ഉയർത്താൻ തീരുമാനിച്ചത്. നബാർഡിന്റെ സഹായത്തോടെ ആവശ്യമായ തുകയും കണ്ടെത്തി.
കൂത്തുപറമ്പ് നഗരസഭ, സമീപ പഞ്ചായത്തുകൾ, പേരാവൂർ, ഇരിട്ടി ഭാഗങ്ങളിൽനിന്നും ദിവസേന 1500 ലധികം പേർ ചികിത്സ തേടി ഇവിടെയെത്തുന്നു. രോഗികൾ അധികമായതിനാൽ ആസ്പത്രി വികസന സമിതിയും ഡോക്ടറെ നിയമിച്ചു.18 ഡോക്ടർമാരുടെ സേവനം നിലവിൽ ആസ്പത്രിയിലുണ്ട്. കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി, ജെ.എസ്.എസ്.കെ, ആർ.ബി.എസ്.കെ, ആരോഗ്യ കിരണം, മെഡിസെപ്, പട്ടിക വർഗത്തിലുള്ളവർക്കായുള്ള സൗജന്യ ചികിത്സ എന്നിവ സുതാര്യമായി നടപ്പാക്കുന്നു. ബി.പി.സി.എല്ലിന്റെ 1.25 കോടി രൂപ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് നിർമിച്ച് നിലവിലെ കെട്ടിടം നവീകരിക്കുകയും 1.20 കോടി രൂപ ചെലവിൽ ഡയാലിസിസ് യൂണിറ്റ് ആരംഭിക്കുകയും ചെയ്തു. കാരുണ്യ കമ്യൂണിറ്റി ഫാർമസി, എ.സി.ആർ ലാബ്(കെ.എച്ച്.ആർ.ഡബ്ല്യൂ.എസ്), സഖി വൺ സ്റ്റോപ്പ് സെന്റർ എന്നി സൗകര്യങ്ങളും ആസ്പത്രിയെ മികവുറ്റതാക്കുന്നു.
നിർമിക്കുന്നത് മൾട്ടി സ്പെഷ്യലിറ്റി കെട്ടിടം
താലൂക്ക് ആസ്പത്രിയെ സൂപ്പർ സ്പെഷ്യലിറ്റിയായി ഉയർത്താനായി നിർമിക്കുന്ന കെട്ടിടത്തിന്റെ പ്രവൃത്തി അടുത്ത വർഷം മെയ് മാസത്തോടെ പൂർത്തിയാവും.64 കോടി രൂപ ചെലവിൽ 12 നിലകളിലായാണ് ആസ്പത്രിയുടെ നിർമാണം. നബാർഡിന്റെ 60 കോടിയും സംസ്ഥാന സർക്കാറിന്റെ നാല് കോടിയും ഉപയോഗിച്ച് നിർമിക്കുന്ന കെട്ടിടത്തിന്റെ 12ാ മത്തെ നിലയുടെ പ്രവൃത്തിയാണ് നടക്കുന്നത്. നേരത്തെ ഉണ്ടായിരുന്ന ആസ്പത്രിയുടെ ഭാഗങ്ങൾ പൊളിച്ചാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് നിർമാണ ചുമതല.