രൂപമാറ്റത്തിനൊപ്പം പടക്കം പൊട്ടുന്ന ശബ്ദം, കുടുങ്ങാതിരിക്കാന്‍ നമ്പര്‍ മറച്ചു; ഒടുവില്‍ വലയിലായി

രൂപമാറ്റം വരുത്തിയും രജിസ്‌ട്രേഷന്‍ നമ്പര്‍ പ്രദര്‍ശിപ്പിക്കാതെയും നഗരത്തില്‍ അഭ്യാസം നടത്തിവന്ന സംഘത്തിന്റെ രണ്ട് ബൈക്കുകള്‍ മോട്ടോര്‍ വാഹനവകുപ്പ് തിരുവല്ല എന്‍ഫോഴമെന്റ് സ്‌ക്വാഡ് പിടികൂടി.
വാഹനത്തിന്റെ യഥാര്‍ഥ സൈലന്‍സര്‍, ടയര്‍ എന്നിവ മാറ്റി നിയമവിരുദ്ധമായവ ഘടിപ്പിച്ച നിലയിലായിരുന്നു.
റിയര്‍വ്യൂ മിററുകള്‍, മഡ് ഗാര്‍ഡ് എന്നിവ ഘടിപ്പിച്ചിരുന്നില്ല. ഉഗ്രശബ്ദം പുറപ്പെടുവിക്കുന്നതരത്തിലാണ് രൂപമാറ്റം.
പലവട്ടം എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ മുമ്പില്‍ വാഹനങ്ങള്‍ പെട്ടിരുന്നെങ്കിലും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. ഒരു വാഹനത്തിന്റെ ഡ്രൈവറുടെ ലൈസന്‍സ് മുന്‍പ് സമാനമായ കുറ്റങ്ങള്‍ക്ക് സസ്‌പെന്‍ഡ് ചെയ്തതാണ്.
ഒരു വാഹനത്തിന് 18,500 രൂപയും മറ്റൊന്നിന് 16,500 രൂപയും പിഴ ചുമത്തി. ഫാക്ടറി രൂപത്തില്‍ വാഹനം മാറ്റിയശേഷമേ വിട്ടുനല്‍കൂ.
വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍, ഡ്രൈവര്‍മാരുടെ ലൈസന്‍സ് എന്നിവയിലും നടപടികളുണ്ടാകുമെന്ന് എം.വി.ഐ. പി.വി. അനീഷ് പറഞ്ഞു.
എ.എം.വി.ഐ.മാരായ എം. ഷമീര്‍, മനു വിശ്വനാഥ്, സ്വാതി ദേവ് എന്നിവരും പരിശോധനയ്ക്ക് നേതൃത്വംനല്‍കി. സമാനമായ വിധത്തിലുള്ള ബൈക്കുകള്‍ നിരീക്ഷണത്തിലാണെന്നും താമസിയാതെ പിടികൂടുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.