140 കിലോമീറ്ററിലധികമുള്ള റൂട്ടുകളിലെ ഓട്ടം: പ്രൈവറ്റ് ബസുകള്‍ക്കെതിരേ നടപടിക്ക് ഒരുങ്ങി വാഹന വകുപ്പ്

Share our post

140 കിലോമീറ്ററിലധികമുള്ള റൂട്ടുകളില്‍ ഓടുന്ന സ്വകാര്യ ബസുകള്‍ക്കെതിരേ കര്‍ശനനടപടിക്ക് നോട്ടീസ് നല്‍കി ഇടുക്കി ആര്‍.ടി.ഒ. തിങ്കളാഴ്ച മുതല്‍ കര്‍ശന നടപടിയിലേക്ക് നീങ്ങുമെന്നാണ് വെള്ളിയാഴ്ച നോട്ടീസ് നല്‍കിയിരിക്കുന്നത്.

ഇടുക്കി ആര്‍.ടി. ഓഫീസില്‍ നിന്ന് താത്കാലിക പെര്‍മിറ്റ് അനുവദിച്ച ദീര്‍ഘദൂര ബസുകള്‍ക്കെതിരേയാണ് നടപടി നീക്കം. ഇടുക്കി, എറണാകുളം ജില്ലകളില്‍ നാല്പതോളം ബസുകളെ ഇത് ബാധിക്കും.

സംസ്ഥാനത്ത് 250 ഓളം ബസുകള്‍ 140 കിലോമീറ്ററിലധികമുള്ള റൂട്ടുകളില്‍ താത്കാലിക പെര്‍മിറ്റില്‍ ഓടുന്നുണ്ട്. ഗതാഗത മന്ത്രിയുമായി ബസ് ഉടമകളുടെ സംഘടന നടത്തിയ ചര്‍ച്ചയിലെ തീരുമാനത്തിന് വിരുദ്ധമാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നോട്ടീസെന്ന് ബസ് ഉടമകളുടെ സംഘടന ആരോപിക്കുന്നു.

കോടതി ഉത്തരവും മറികടന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടിയെന്നാണ് ബസ് ഉടമകളുടെ വാദം.ലിമിറ്റഡ് സ്റ്റോപ്പ് അനുമതി റദ്ദാക്കല്‍, പെര്‍മിറ്റ് വിഷയം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളില്‍ തിരുവനന്തപുരത്ത് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ.കെ. തോമസ് അനിശ്ചിതകാല നിരാഹാരം തുടങ്ങിയപ്പോളാണ് മന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ച് പെര്‍മിറ്റ് കാര്യം പരിഗണിക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നത്.

അതിന്റെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിച്ചതെന്ന് സംഘടനാ നേതൃത്വം ചൂണ്ടിക്കാട്ടി. പെര്‍മിറ്റ് വിഷയം ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് പരിഗണനയിലുമാണ്.

ലിമിറ്റഡ് സ്റ്റോപ്പാകും

140 കിലോമീറ്ററിലധികമുള്ള റൂട്ട് ദേശസാത്കരിച്ചു കൊണ്ട് ഒക്ടോബറില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉത്തരവിറക്കിയിരുന്നു. എന്നാല്‍, മലയോര മേഖലയിലേക്കുള്ള യാത്രാക്ലേശം പരിഗണിച്ച് മാര്‍ച്ച് വരെ താത്കാലിക പെര്‍മിറ്റിന് കാലാവധി അനുവദിച്ചു.

പിന്നീട് പെര്‍മിറ്റ് പുതുക്കി നല്‍കില്ലെന്നും അറിയിച്ചിരുന്നു. ഇതിനെതിരേ ബസ് ഉടമകള്‍ കോടതിയെ സമീപിച്ച് ഓഗസ്റ്റ് വരെ താത്കാലിക പെര്‍മിറ്റ് കാലാവധി നേടി.

ഇതിന് പിന്നാലെ മോട്ടോര്‍ വാഹന വകുപ്പ് സംസ്ഥാനത്ത് ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ പാടില്ലായെന്ന് നോട്ടിഫിക്കേഷന്‍ നല്‍കി. ഇതിനെതിരേ ചില ബസ് ഉടമകള്‍ കോടതിയെ സമീപിച്ച് താത്കാലിക സ്റ്റേ വാങ്ങി. കേസ് മാറ്റിവെച്ചിരിക്കുകയുമാണ്.

ഇത് മറ്റ് ബസുകള്‍ക്ക് ബാധകമല്ലെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് പറയുന്നത്. മൂന്ന് ബസുകള്‍ക്കുള്ള താത്കാലിക സ്റ്റേ മറ്റ് ബസുകള്‍ക്കും ബാധകമാണെന്ന് എറണാകുളം ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!