എം.ഡി.എം.എ. വില്‍പ്പന; മുന്‍ മിസ്റ്റര്‍ കേരളയും മറൈന്‍ എന്‍ജിനിയറിങ് ബിരുദധാരിയും അറസ്റ്റില്‍

ഒല്ലൂര്‍(തൃശ്ശൂര്‍): എം.ഡി.എം.എ. വില്‍പ്പനയ്ക്കിടെ രണ്ടുപേരെ തൃശ്ശൂര്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടി. കഴിഞ്ഞ ദിവസം വൈകീട്ട് ഒല്ലൂര്‍ യുണൈറ്റഡ് വെയ്ബ്രിഡ്ജ് പരിസരത്തുനിന്നാണ് വില്‍പ്പനക്കായി എത്തിച്ച 4.85 ഗ്രാം എം.ഡി.എം.എ.യുമായി കല്ലൂര്‍ കളത്തിങ്കല്‍ വീട്ടില്‍ സ്റ്റെബിന്‍ (30) പിടിയിലായത്.
ഇയാളെ ചോദ്യംചെയ്തതിനെത്തുടര്‍ന്ന് പന്ത്രണ്ട് ഗ്രാം എം.ഡി.എം.എ.യുമായി കല്ലൂര്‍ ഭരത സ്വദേശി കളപ്പുര വീട്ടില്‍ ഷെറിനെ(32) മതിക്കുന്ന് ഭാഗത്തുനിന്ന് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജിജി പോളിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. ഷെറിന്‍ മറൈന്‍ എന്‍ജിനിയറിങ് ബിരുദധാരിയും സ്റ്റെബിന്‍ മുന്‍ മിസ്റ്റര്‍ കേരളയും ബോഡി ബില്‍ഡിങ് താരവുമാണ്.
പ്രിവന്റീവ് ഓഫീസര്‍ സോണി കെ. ദേവസി, ഗ്രേഡ് പ്രിവെന്റീവ് ഓഫീസര്‍മാരായ കെ.വി. ഷാജി, പി.ബി. സുനില്‍ദാസ്, സി.ഇ.ഒ. മാരായ വി.എം. ഹരീഷ്, സനീഷ് കുമാര്‍, നിഗീഷ് കെ. സോമന്‍, നൂര്‍ജ, ഡ്രൈവര്‍ മനോജ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. പ്രതികളെ റിമാന്‍ഡ് ചെയ്തു.
ഒന്നരക്കിലോ കഞ്ചാവുമായി പിടിയില്‍
നടത്തറ: നടത്തറ കേന്ദ്രീകരിച്ച് ബൈക്കില്‍ കഞ്ചാവുവില്‍പ്പന നടത്തിയിരുന്ന യുവാവിനെ തൃശ്ശൂര്‍ റേഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി.യു. ഹരീഷിന്റെ നേതൃത്വത്തില്‍ പിടികൂടി നടത്തറ മൈനര്‍ റോഡില്‍ മാളക്കാരന്‍ വീട്ടില്‍ റിക്‌സന്‍ തോമസ് (33) ആണ് പിടിയിലായത്.
ഇയാളുടെ പക്കല്‍നിന്ന് ഒന്നരക്കിലോ കഞ്ചാവും കണ്ടെടുത്തു. ഇയാളുടെ ബൈക്കും കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം രാത്രി കൊഴുക്കുള്ളി ഭാഗത്ത് എക്‌സൈസ് സംഘം പട്രോളിങ് നടത്തുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.
നടത്തറ, കൊഴുക്കുള്ളി മേഖലകളില്‍ ലഹരിമാഫിയകള്‍ തമ്മിലുള്ള സംഘര്‍ഷം ജനങ്ങളുടെ സമാധാന അന്തരീക്ഷം തകര്‍ക്കുന്ന നിലയിലായിരുന്നു. ലഹരി മാഫിയകളുടെ കുടിപ്പകയുടെ ഭാഗമായി പിടിയിലായ റിക്‌സന്റെ കാര്‍ കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു സംഘം തകര്‍ത്തിരുന്നു.ജില്ലയിലെ കിഴക്കന്‍മേഖല കേന്ദ്രീകരിച്ച് കഞ്ചാവ് കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് റിക്‌സന്‍.
കഞ്ചാവെത്തിക്കുന്ന ഉറവിടത്തെക്കുറിച്ചും സൂചന ലഭിച്ചിട്ടുണ്ട്. കഞ്ചാവ് ലോബികള്‍ സജീവമായതോടെ ഹോട്ട് സ്‌പോട്ടുകള്‍ കേന്ദ്രീകരിച്ച് രാത്രികാല പട്രോളിങ് ശക്തമാക്കി.
പ്രിവന്റീവ് ഓഫീസര്‍ ടി.ജി. മോഹനന്‍, സി.ഇ.ഒമാരായ പി.വി. വിശാല്‍, എ. ജോസഫ്, എ.കെ. ദുര്‍ഗ, ഡ്രൈവര്‍ ശ്രീജിത്ത് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.