ചെറിയ ഉള്ളി വീട്ടിലില്ലെങ്കിൽ എത്രയും പെട്ടെന്ന് ആവശ്യത്തിന് വാങ്ങി സ്റ്റോക്കുചെയ്തോളൂ, വരുന്നത് വൻ വിലക്കയറ്റത്തിന്റെ നാളുകൾ

കോലഞ്ചേരി: ചെറിയ ഉള്ളിയുടെ വില സെഞ്ച്വറി കടന്ന് 120 രൂപയിലെത്തി. മുൻ വർഷവും ഈസമയം വിലക്കയറ്റം ഉണ്ടായെങ്കിലും ഉള്ളിയുടെ വിലഇത്ര കണ്ട് കൂടിയിരുന്നില്ല. സവാള വില ഉയർന്നുതന്നെ തന്നെ നില്ക്കുമ്പോഴാണ് ചെറിയ ഉള്ളിയും കുതിപ്പിൽ തുടരുന്നത്.
സവാള 20 രൂപക്കാണ് വില്പന.തമിഴ്നാട്, കർണ്ണാടക ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നിന്നാണ് സംസ്ഥാനത്തേക്ക ഉള്ളിയെത്തുന്നത്. കഴിഞ്ഞ രണ്ട് ആഴ്ചയിലേറെയായി തമിഴ്നാട്ടിലെ മൊത്തവിതരണ മാർക്കറ്റിൽ ഉള്ളിവരവ് കുറഞ്ഞു. വിളവെടുപ്പിന് സമയമാണെങ്കിലും മഴയിൽ നശിച്ചുപോകുന്നതാണ് വിലകയറാൻ കാരണമെന്നാം മൊത്തവിതരണക്കാർ പറയുന്നത്.
പൂഴ്ത്തി വെയ്പിലൂടെ വില കുത്തനെ കൂട്ടാനുള്ള തന്ത്രമാണിതെന്ന് ചെറുകിട കച്ചവടക്കാർ പങ്കുവച്ചു. കൊയമ്പത്തൂരിലെ ഊട്ടി ബസ് സ്റ്റാൻഡിനടുത്തുള്ള എം.ജി.ആർ മാർക്കറ്റും പൊള്ളാച്ചി മാർക്കറ്റിലുമാണ് ഉള്ളി കച്ചവടം പ്രധാനമായി നടക്കുന്നത്.
മറ്റിടങ്ങളിൽ നിന്ന് ഇവിടെ എത്തുന്ന ഉള്ളിലോഡ് ലേലം വിളിച്ചാണ് വിതരണക്കാർക്ക് നൽകുന്നത്. ഇവരാണ് വില നിയന്ത്രിക്കുന്നതും. വരും ദിവസങ്ങളിൽ ഉള്ളിവില ഇനി ഉയരുമെന്നാണ് മൊത്തകച്ചവടക്കാരനായ പെരുമ്പാവൂർ സ്വദേശി കെ.എം. പരീക്കുട്ടി പറഞ്ഞു.
മൺസൂൺ തുടങ്ങിയതോടെ മഴ നനയാതെ ലോഡെത്തിക്കുന്നതും പ്രശ്നമാണ്. കയറ്റുമ്പോഴോ ഇറക്കുമ്പോഴോ മഴ നനഞ്ഞാൽ ചീഞ്ഞു പോകാറുണ്ട്. ഇതും വില കൂടുന്നതിന് കാരണമാണ്.