പോത്തുകച്ചവടത്തിന്റെ മറവില്‍ വന്‍തോതില്‍ കഞ്ചാവ് വില്‍പ്പനയും; ആറുകിലോ കഞ്ചാവുമായി പിടിയില്‍

കൊല്ലം: പോത്തുകച്ചവടത്തിന്റെ മറവില്‍ വന്‍തോതില്‍ കഞ്ചാവ് വില്‍പ്പന നടത്തുന്നയാളെ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടി.
കൊല്ലം വടക്കേവിള മണിച്ചിത്തോട് അമ്മന്‍ നഗര്‍-12 കുറിച്ചി അയ്യത്തുവീട്ടില്‍ സക്കീര്‍ ഹുസൈന്‍ (52) ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്ന് 6.3 കിലോ കഞ്ചാവും കണ്ടെടുത്തു.
കടപ്പാക്കടയില്‍ ഇറച്ചിവ്യാപാരം ചെയ്യുന്നയാളാണ് സക്കീര്‍ ഹുസൈന്‍. ആന്ധ്രാപ്രദേശില്‍ നിന്നാണ് ഇയാള്‍ കന്നുകാലികളെ വാങ്ങുന്നത്.
പോത്തുകളെ വാങ്ങുന്നതിന്റെ മറവിലാണ് ഇയാള്‍ കഞ്ചാവ് കടത്തിക്കൊണ്ടു വരുന്നതും. കിലോഗ്രാമിന് 7,000 രൂപ നിരക്കില്‍ വാങ്ങുന്ന കഞ്ചാവ് 20,000 രൂപയ്ക്കാണ് ഇവിടെ വില്‍പ്പന നടത്തുന്നതെന്ന് എക്‌സൈസ് പറഞ്ഞു.
വെള്ളിയാഴ്ച വൈകീട്ട് ഏഴിന് വിമലഹൃദയ സ്‌കൂളിനു സമീപം സ്‌കൂട്ടറില്‍ കഞ്ചാവുമായി പോകുമ്പോഴാണ് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടോണി ജോസിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ അറസ്റ്റ് ചെയ്തത്.
കൈവശമുണ്ടായിരുന്ന ബാഗില്‍ മൂന്നുപായ്ക്കറ്റുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ആന്ധ്രയില്‍ നിന്നാണ് കഞ്ചാവ് കടത്തുന്നതെന്ന് സൈബര്‍സെല്‍ സഹായത്തോടെയാണ് കണ്ടെത്തിയത്.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബി.വിഷ്ണു, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.മനോജ്ലാല്‍, പ്രിവന്റീവ് ഓഫീസര്‍ കെ.ജി.രഘു തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടുത്തു.