ഇനി വീട് തകരുമെന്ന പേടിയില്ല, നാലു കുട്ടികളും പുതിയ വീട്ടിലേക്ക്; സ്നേഹ വീടൊരുക്കി അധ്യാപിക

വണ്ടിപ്പെരിയാർ: അച്ഛനമ്മമാരെ നഷ്ടപ്പെട്ട നാല് സഹോദരങ്ങൾക്ക് സ്നേഹ വീടൊരുക്കി മുൻ അധ്യാപിക. ചുരക്കുളം 59-ാം മൈലിൽ ഏതുനിമിഷവും നിലം പൊത്താറായ ഷെഡിൽ താമസിച്ചിരുന്ന സവിത, സജിത, സജിത്, സനിത എന്നീ സഹോദരങ്ങൾക്കാണ് വണ്ടിപ്പെരിയാർ പഞ്ചായത്ത് ഹൈസ്കൂളിലെ മുൻ അധ്യാപിക എം.സി. ശോശാമ്മ വീട് നിർമിച്ച് നൽകിയത്.
കുട്ടികളിൽ മൂന്നുപേർ ശോശാമ്മ പഠിപ്പിച്ച സ്കൂളിലെ പൂർവ വിദ്യാർഥികളാണ്. ഒരാൾ അവിടെ പഠിക്കുന്നുണ്ട്. കുട്ടികളുടെ അച്ഛനെ ശോശാമ്മ മുൻപ് പഠിപ്പിച്ചിട്ടുണ്ട്.
പോരാട്ടമാണ് ഇവരുടെ ജീവിതം
താന്നിക്കളം വീട്ടിൽ സന്തോഷ് അർബുദ ബാധിതനായി 15 വർഷം മുൻപാണ് മരിച്ചത്. തുടർന്ന് ഭാര്യ വിജയമ്മ കൂലിപ്പണിയെടുത്താണ് മക്കളായ സവിത, സജിത, സജിത്, സനിത എന്നിവരെ വളർത്തിയത്. നാല് വർഷം മുൻപ് വിജയമ്മയും അർബുദ ബാധിതയായി മരിച്ചു.
ഇതോടെ നാല് കുട്ടികളുടേയും ജീവിതം ഇരുളടഞ്ഞു. വിജയമ്മയുടെ പ്രായമായ അമ്മ അന്നമ്മയാണ് നാല് പേരേയും പിന്നീട് സംരക്ഷിച്ചത്. എന്നാൽ, പ്രായാധിക്യം കൊണ്ട് വിജയമ്മയ്ക് ജോലിക്ക് പോകാൻ കഴിയാതെയായി.
ഇതോടെ മൂത്തവരായ സവിതയും സജിതയും പ്ലസ്ടുവിന് നല്ല മാർക്കുണ്ടായിട്ടും സഹോദരങ്ങളെയും പ്രായമായ മുത്തശ്ശിയേയും സംരക്ഷിക്കുന്നതിനായി പഠനം നിർത്തി തുണിക്കടയിൽ ജോലിക്ക് കയറി.
എപ്പോൾ വേണമെങ്കിലും തകർന്നുവീഴാവുന്ന കൂരയിൽ ഇവർ കഴിയുന്ന വിവരം വണ്ടിപ്പെരിയാർ പഞ്ചായത്ത് ഹൈസ്കൂളിലെ 1984 ബാച്ച് പൂർവ വിദ്യാർഥികളുടെ വാട്സാപ്പ് കൂട്ടായ്മയിൽ സി.ഡി.എസ്. ചെയർപേഴ്സൺ ലിസി തോമസ് ഇട്ടു.
ശോശാമ്മ ടീച്ചറിന്റെ മകൾ ആശ ഈ ഗ്രൂപ്പിലെ അംഗമായിരുന്നു. അവരാണ് കുട്ടികളുടെ ദുരവസ്ഥ അമ്മയെ അറിയിച്ചത്. തുടർന്ന് ശോശാമ്മ നേരിട്ട് സ്ഥലത്തെത്തി കുട്ടികളെ കണ്ടു. അപ്പോഴാണ് കുട്ടികളുടെ അച്ഛനെ താൻ പഠിപ്പിച്ചിട്ടുണ്ടെന്ന് മനസ്സിലായത്.
കൂടാതെ ടീച്ചർ പഞ്ചായത്ത് ഹൈസ്കൂളിൽ ജോലിചെയ്യുന്ന സമയത്ത് അവരുടെ മുത്തശ്ശൻ തങ്കപ്പൻ അവിടെ പ്യൂണായിരുന്നു. കുട്ടികളുടെ ദുരവസ്ഥകണ്ട് എത്രയും പെട്ടെന്ന് വീട് നിർമിക്കണമെന്ന് ശോശാമ്മ ടീച്ചർ തീരുമാനിക്കുകയായിരുന്നു.
ഏഴ് ലക്ഷം രൂപ ചെലവിൽ രണ്ടര മാസം കൊണ്ടാണ് വീട് പൂർത്തിയാക്കിയത്. മൂന്ന് മുറികളും അടുക്കളയും ഹാളുമുണ്ട്. ജൂൺ ആറിന് ഗൃഹപ്രവേശവും നടത്തി. ടീച്ചർക്കും ‘84 ബാച്ചി’നും നിറ കണ്ണുകളോടെയാണ് കുട്ടികൾ അന്ന് നന്ദി പറഞ്ഞത്. സജിതയ്ക്ക് പഠനം തുടരണമെന്ന് ആഗ്രഹമുണ്ട്.
ടി.ടി.സി. പഠിക്കുകയെന്നതാണ് സ്വപ്നം. പക്ഷേ, സാന്പത്തികം അതിന് അനുവദിക്കുന്നില്ല. സജിത് പ്ലസ്ടു വിലാണ്. സനിത പ്ലസ് വൺ പ്രവേശനം കാത്തിരിക്കുന്നു. പഠനത്തിനുള്ള ചെലവ് എങ്ങനെ കണ്ടെത്തുമെന്ന് ഇവർക്ക് അറിയില്ല.