ഉദ്ഘാടനത്തിനൊരുങ്ങി കൂത്തുപറമ്പ് ഐ.എച്ച്.ആർ.ഡി കോളേജ് കെട്ടിടം

കൂത്തുപറമ്പ് : വലിയവെളിച്ചത്ത് നിർമാണം പൂർത്തിയായ കൂത്തുപറമ്പ് ഐഎച്ച്ആർഡി കോളേജിന്റെ പുതിയ കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങി. മൂന്നുകോടി രൂപ ചെലവിലാണ് നിർമാണം പൂർത്തീകരിച്ചത്.
കണ്ണൂർ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത കോളേജ് പുറക്കളത്ത് വാടകക്കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. 2011ലാണ് വലിയവെളിച്ചത്ത് സ്വന്തം കെട്ടിടം നിർമാണം തുടങ്ങിയത്. നിയമപ്രശ്നങ്ങൾ കാരണം തടസ്സപ്പെട്ടു. പ്രശ്നംപരിഹരിച്ച് പുനരാരംഭിച്ചു. പി. ജയരാജൻ, കെ.കെ. ശൈലജ, കെ.പി. മോഹനൻ എന്നിവർ എം.എൽ.എയായിരിക്കെ ആസ്തി വികസനഫണ്ടിൽനിന്ന് അനുവദിച്ച തുക ഉപയോഗിച്ചാണ് കെട്ടിടം നിർമിച്ചത്.
ചുറ്റുമതിൽ, മുറ്റം ടൈൽ പാകൽ, റോഡ് നിർമാണം തുടങ്ങിയ പ്രവൃത്തികളാണ് ഇനി അവശേഷിക്കുന്നത്. അടുത്തമാസം കോളേജ് ഉദ്‌ഘാടനം ചെയ്യുമെന്ന് അധികൃതർ പറഞ്ഞു. 2000 ൽ തുടങ്ങിയ കോളേജ് കുറച്ചുകാലം പഴയനിരത്തെ വാടകകെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നു.