ഇളനീർക്കാവുകൾ സമർപ്പിച്ചു; കൊട്ടിയൂരിൽ ഇന്ന് ഇളനീരാട്ടം

കൊട്ടിയൂർ : കൊട്ടിയൂർ വൈശാഖ മഹോത്സവത്തിൽ വെള്ളിയാഴ്ച അർധരാത്രിയോടെ ഇളനീർ വെയ്പ് നടന്നു. ആയിരക്കണക്കിന് ഇളനീരുകൾ തിരുവഞ്ചിറയിൽ സമർപ്പിച്ചു.
രാത്രി കാര്യത്ത് കൈക്കോളൻ തിരുവഞ്ചിറയിലെ കിഴക്കേനടയിൽ തട്ടും പോളയും വെച്ച് ഇളനീർവെയ്പിന് രാശി വിളിച്ചതോടെ മന്ദംചേരിയിൽ കാത്തുനിന്ന നൂറുകണക്കിന് ഇളനീർക്കാർ കാവുകളുമായി എത്തി. ഇളനീർവെയ്പ് മണിക്കൂറുകളോളം നീണ്ടു.
വെള്ളിയാഴ്ചമുതൽ ഇവരുടെ സംഘങ്ങൾ കൊട്ടിയൂരിലേക്ക് എത്തിത്തുടങ്ങിയിരുന്നു. ഇളനീർക്കാരെകൊണ്ട് സന്ധ്യയാകുമ്പോഴേക്കും ഇക്കരെ കൊട്ടിയൂർ നിറഞ്ഞ് കവിഞ്ഞിരുന്നു. കനത്ത മഴകൂടി പെയ്തതോടെ കൊട്ടിയൂർ തീർഥാടക പ്രവാഹത്താൽ വീർപ്പുമുട്ടി. ശനി പുലർച്ചെയോടെയാണ് ഇളനീർവെയ്പ് പൂർത്തിയായത്. ഏറ്റവും ഒടുവിലായി എണ്ണയും കത്തി തണ്ടയാന്മാർ ഇളനീർ ചെത്തുന്നതിനുള്ള കത്തികളും സമർപ്പിച്ചു. ഇതോടെ ഇളനീർവെയ്‌പ് പൂർത്തിയായി. ശനി രാത്രിയാണ് ദൈവം വരവും ഇളനീരാട്ടവും. തിരുവഞ്ചിറയിൽ സമർപ്പിച്ച ആയിരക്കണക്കിന് ഇളനീരുകൾ കാര്യത്ത് കൈക്കോളന്മാർ ചെത്തിയൊരുക്കും. ശേഷം രാത്രിയോടെ ഇളനീർ ആട്ടം തുടങ്ങും. ഉച്ചക്ക് അഷ്ടമി ആരാധനയും നടക്കും.