കർണാടകയിൽ ഞായറാഴ്ച മുതൽ സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര; ആദ്യ ദിനത്തിൽ ‘കണ്ടക്ടർ ‘ സിദ്ധരാമയ്യ

Share our post

ബെംഗളൂരു: ക്ഷേമ പദ്ധതികളുടെ ഭാഗമായി സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ശക്തി പദ്ധതി ജൂൺ 11 ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യും.

പദ്ധതിയുടെ തുടക്കം കുറിച്ച് സിദ്ധരാമയ്യ ബി.എം.ടി.സി ബസിൽ യാത്ര ചെയ്യുകയും സ്ത്രീകൾക്ക് സൗജന്യ ടിക്കറ്റ് നൽകുകയും ചെയ്യുമെന്നുമാണ് റിപ്പോർട്ട്.

മന്ത്രിമാരും നിയമസഭാംഗങ്ങളും അതത് ജില്ലകളിലെയും നിയോജക മണ്ഡലങ്ങളിലെയും സർവീസുകൾ ഒരേ സമയം ഫ്ലാഗ് ഓഫ് ചെയ്യുമെന്നും വൃത്തങ്ങൾ അറിയിച്ചു.

ജാതിക്കും മതത്തിനും വർഗത്തിനും അതീതമായി ശക്തി പദ്ധതി എല്ലാ അർഹരായ ഗുണഭോക്താക്കളിലും എത്തുന്നുവെന്ന് ഉറപ്പാക്കാൻ നിയമസഭാംഗങ്ങൾക്കൊപ്പം ജില്ലാ ചുമതലയുള്ള മന്ത്രിമാരോടും സിദ്ധരാമയ്യ നിർദ്ദേശിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു.

പദ്ധതി അർത്ഥപൂർണമാക്കാൻ എല്ലാ ജില്ലയിലെ മന്ത്രിമാരും നടപടിയെടുക്കുമെന്നും സിദ്ധരാമയ്യ പ്രസ്താവനയിൽ പറഞ്ഞു. വിലക്കയറ്റ മൂലം ദുരിതത്തിലായ സംസ്ഥാനത്തെ സ്ത്രീകൾക്ക് ശക്തി പദ്ധതി ആശ്വാസം പകരുന്നതാണ് എന്ന് അദ്ദേഹം പറഞ്ഞു.

വലിയ ഫണ്ട് സമാഹരണം ആവശ്യമാണെങ്കിലും, അധികാരത്തിൽ വന്ന് ഒരു മാസത്തിനുള്ളിൽ സംസ്ഥാന സർക്കാർ എല്ലാ ഗ്യാരണ്ടി സ്കീമുകളും നടപ്പിലാക്കുകയാണ്,എന്നും പ്രസ്താവനയിൽ പറയുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് വാഗ്ദാനം ചെയ്ത അഞ്ച് ഉറപ്പുകളിലൊന്നാണ് ഈ പദ്ധതി. മേയിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 224-ൽ 135 സീറ്റുകളാണ് കോൺഗ്രസ് നേടിയത്.

അഞ്ച് പദ്ധതികൾ നടപ്പിലാക്കാൻ ഏകദേശം 50,000 കോടി രൂപ വാർഷിക ചെലവ് വരുമെന്ന് സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു.

ജൂൺ 11 മുതൽ സംസ്ഥാനത്തെ എസി.ബസുകൾ, എസി. സ്ലീപ്പറുകൾ, മറ്റ് ആഡംബര ബസ്സുകൾ എന്നിവ ഒഴികെയുള്ള പൊതു​ഗതാ​ഗത ബസുകളിൽ സ്ത്രീകൾക്ക് സൗജന്യമായി യാത്ര ചെയ്യാം. ബി.എം.ടി.സി, കെ .എസ് .ആർ .ടി. സി ബസുകളിലും സ്ത്രീകൾ ഈ ആനുകൂല്യം ലഭിക്കും.

കെ .എസ് .ആർ .ടി. സിയിൽ 50 ശതമാനം സീറ്റുകൾ പുരുഷന്മാർക്കും ബാക്കി സ്ത്രീകൾക്കും സംവരണം ചെയ്യുമെന്നും സിദ്ധരാമയ്യ അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!