മുഴക്കുന്ന് നാട് ശുചീകരിക്കാൻ പെൺപട; അഞ്ച് മാസത്തിൽ ശേഖരിച്ചത് മുപ്പത് ടൺ പാഴ് വസ്തുക്കൾ

കാക്കയങ്ങാട്: അഞ്ച് മാസം കൊണ്ട് വിവിധ തരത്തിലുള്ള 30815 കിലോ പാഴ് വസ്തുക്കൾ ശേഖരിച്ച് ക്ലീൻ കേരള കമ്പനിക്ക് കൈമാറി മുഴക്കുന്നിനെ സമ്പൂർണ്ണ ശുചിത്വത്തിലേക്ക് എത്തിക്കുകയാണ് പഞ്ചായത്തിലെ ഹരിതകർമ്മ സേന.
വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ഓരോ മാസത്തിലും തരം തിരിച്ചു ശേഖരിച്ച 6115 കിലോ പുനരുപയോഗ പ്ലാസ്റ്റിക്കും,6510 കിലോ കുപ്പിചില്ലും,വാതിൽപടികളിൽ നിന്നും ലഭിച്ചതിന് പുറമെ പഞ്ചായത്തിലെ തോടുകളും പാതയോരങ്ങളും ശുചീകരിച്ചതിൽ ലഭിച്ചതുമായ പുനരുപയോഗ സാധ്യതയില്ലാത്ത ചെരിപ്പ്, ബാഗ്, തുണി, തെർമോകോൾ,സിമന്റ് ചാക്കുകൾ ഉൾപ്പെടെ 18190 കിലോ മാലിന്യവുമാണ് അഞ്ച് മാസം കൊണ്ട് ക്ലീൻ കേരള കമ്പനിക്ക് കൈമാറിയത്.
ഫെബ്രുവരി മാസത്തിൽ സൗജന്യമായി ജോലി ചെയ്താണ് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ സൂക്ഷിച്ച പാഴ് വസ്തുക്കൾ ചാക്കിൽ കെട്ടി ഒരിടത്ത് എത്തിച്ച് ക്ലീൻ കേരളയുടെ ലോറിയിൽ കയറ്റിയയച്ചത്.
വാതിൽ പടികളിൽ നിന്നും ലഭിക്കുന്ന യൂസർ ഫീസ് മാത്രമെ വരുമാനമായുള്ളൂ എന്ന അവസ്ഥയിലും ഈ പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങുകയായിരുന്നു 17 പേരെടുങ്ങുന്ന മുഴക്കുന്നിന്റെ “പെൺപട”.
കേരള സർക്കാർ നിശ്ചയിച്ച രീതിയിൽ വാഹനം, ഓഫീസ്,പാഴ് വസ്തു സൂക്ഷിക്കാൻ വാർഡുകളിൽ മിനി എംസിഎഫ്, പഞ്ചായത്ത് കേന്ദ്രീകരിച്ച് എംസിഎഫ്(സംഭരണ കേന്ദ്രം)തുടങ്ങിയ സൗകര്യങ്ങളെല്ലാം പഞ്ചായത്ത് ഒരുക്കി നൽകിയിട്ടുണ്ട്.സേവനം ഡിജിറ്റൽ രൂപത്തിലേക്ക് മാറുന്നതിനായി “ഹരിത മിത്രം” ഗാർബേജ് ആപ്പ് ജൂണിൽ ആരംഭിക്കും.
ആറായിരത്തിലധികം വീടുകളും അഞ്ഞൂറ് സ്ഥാപനങ്ങളുമുണ്ടെങ്കിലും 50% പോലും യൂസർഫീ ലഭിക്കുന്നില്ല എന്നതിനാൽ അംഗങ്ങളുടെ ശരാശരി വരുമാനം അയ്യായിരം രൂപ മാത്രമേയുള്ളൂ.
വരുമാന വർദ്ധനവിനും ആഘോഷങ്ങൾക്ക് പ്രകൃതി സൗഹൃദ വസ്തുക്കൾ ഉപയോഗിക്കുന്നതിനുമായി പഞ്ചായത്ത് നൽകിയ സബ്സിഡിയും ബാങ്കിൽ നിന്നും ലോണായിട്ടുമെടുത്ത അഞ്ചുലക്ഷം രൂപ മുടക്കി കാക്കയങ്ങാട് ടൗണിൽ “കാറ്ററിംഗ് സ്റ്റോർ” സംരംഭം തുടങ്ങിയിട്ടുണ്ട്.
സ്റ്റീൽ- സെറാമിക്ക് പ്ളേറ്റുകൾ, കുപ്പി- സ്റ്റീൽ ഗ്ളാസുകൾ, ഓട്- അലുമിനിയം ചെമ്പുകൾ, വാർപ്പുകൾ, ഫ്ലാസ്ക്ക് തുടങ്ങിയവ കുറഞ്ഞ വാടക നിരക്കിൽ ആവശ്യക്കാർക്ക് നൽകും. ഉപയോഗ ശേഷം ആഘോഷസ്ഥലത്തെത്തി ഹരിതകർമ്മസേന തന്നെ ഇവ സൗജന്യമായി വൃത്തിയാക്കി തിരിച്ചെടുക്കും.
പരിസ്ഥിതി സംരക്ഷണത്തിന്റെയും പൊതുജനാരോഗ്യത്തിനെയും കണക്കിലെടുത്ത് ഒറ്റ തവണ ഉപയോഗ ഡിസ്പോസബിൾ വസ്തുക്കൾ നിരോധിക്കുകയും ഉപയോഗിച്ചാൽ ഫൈൻ ഈടാക്കുകയും ചെയ്യുമ്പോൾ ഇത്തരം സാഹചര്യത്തിൽ ഒരു പരിസ്ഥിതി സൗഹൃദ ബദൽ ചൂണ്ടികാണിച്ച് ജില്ലയിലെ മറ്റു തദ്ദേശ സ്ഥാപനങ്ങൾക്കുകൂടി മാതൃകയാകുയാണ് ഈ ഹരിതകർമ്മസേന.
1-ക്ലീൻ കേരളക്ക് പാഴ് വസ്തുക്കൾ കയറ്റിയയക്കുന്ന ഹരിതകർമ്മസേന.
2-സ്വന്തമായുള്ള വാഹനത്തിൽ മാലിന്യ ശേഖരണത്തിനായി തൊഴിലിടത്തിലേക്ക് പോകുന്ന ഹരിതകർമ്മസേന.