നഷ്ടപ്പെട്ടവരെ ഓര്‍ത്ത് വിലപിക്കേണ്ട!; അവരെ എന്നും കൂടെ നിര്‍ത്താനും നിര്‍മിതബുദ്ധി സഹായിച്ചേക്കും

ചിലരെ ജീവിതത്തില്‍ നഷ്ടപ്പെട്ടുപോവുമ്പോള്‍ വലിയ ശൂന്യതയാണ് സൃഷ്ടിക്കപ്പെടുക. പ്രിയപ്പെട്ടവരെയോര്‍ത്ത് ജീവിതാന്ത്യം വരെ വിലപിക്കുന്നവര്‍ ഏറെ.
വേര്‍പാടുകള്‍ തടയാനാവില്ലെങ്കിലും അതിലൂടെയുണ്ടാവുന്ന ശൂന്യതയകറ്റാന്‍ നൂതന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യകള്‍ക്ക് ഒരു പരിധി വരെ സാധിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
എഐ ഉപയോഗിച്ച് വ്യക്തികളുടെ ശബ്ദവും ചലനങ്ങളും പകര്‍ത്തിയെടുക്കാനാവുമെന്ന് ഇതിനകം നമ്മള്‍ കണ്ടതാണ്. യഥാര്‍ത്ഥമെന്ന് തോന്നുന്ന വാര്‍ത്താ അവതാരകര്‍ അതിനൊരു ഉദാഹരണമാണ്. മനുഷ്യരെ പോലെ സംസാരിക്കാനും ആശയവിനമയം നടത്താനും സാധിക്കുന്ന സംവിധാനങ്ങളും നിലവിലുണ്ട്.
അര്‍ബുദ രോഗബാധിതനായ 79 കാരനായ കൊറിയന്‍ സ്വദേശി ലീ ബൈയോങ് ഹ്വാള്‍ ചെയ്തത് നോക്കുക. രോഗബാധിതനാണെന്നും മരണം ആസന്നമാണെന്നും തിരിച്ചറിഞ്ഞ ഈ വയോധികന്‍ ഡീപ്പ് ബ്രെയ്ന്‍ എന്നൊരു കമ്പനിയുമായി ബന്ധപ്പെട്ടു. എ.ഐ ഉപയോഗിച്ച് തന്റെ ഒരു ഡിജിറ്റല്‍ പകര്‍പ്പ് നിര്‍മിക്കണം എന്നായിരുന്നു ആവശ്യം. കമ്പനി പുറത്തുവിട്ട വീഡിയോയില്‍ ലീയുടെ ഭാര്യ യു സുന്‍ യുന്‍ വലിയൊരു സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ട തന്റെ മാസങ്ങള്‍ക്ക് മുമ്പ് വിടപറഞ്ഞ ഭര്‍ത്താവിനോട് സംസാരിക്കുന്നത് കാണാം.
ഡീപ്പ് ബ്രെയ്ന്‍ എ.ഐയുടെ ‘ റീമെമ്മറി പ്രോഗ്രാമിന്റെ’ ഭാഗമായാണ് ഇത്തരം ഒരു സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇത് വാണിജ്യ താല്‍പര്യത്തോടെയല്ല ചെയ്യുന്നത് എന്ന് കമ്പനി ഉദ്യോഗസ്ഥനായ ജോസഫ് മുര്‍ഫി പറഞ്ഞു.
‘സ്റ്റോറിഫയല്‍’ എന്ന കമ്പനി ചെയ്യുന്നതും ഇത് തന്നെ. ഹോളിവുഡ് നടന്‍ വില്യം ഷാറ്റ്‌നറിനെ വെച്ച് ഇവര്‍ ഒരുക്കിയ പ്രോമോഷന്‍ വീഡിയോ പറഞ്ഞുവെക്കുന്നതിങ്ങനെയാണ്. ഈ ഭൂമിയില്‍ ആര്‍ക്കും ഒരു പരിധിയില്‍ കൂടുതല്‍ നാള്‍ ജീവിക്കാനാവില്ല. താന്‍ ആരായിരുന്നുവെന്നും എങ്ങനെ ആയിരുന്നുവെന്നും ഭാവി തലമുറയ്ക്ക് പകര്‍ന്നുനല്‍കുക. ഇതിനായി തങ്ങളുടെ വെബ്‌സൈറ്റിലൂടെ വളരെ ലളിതമായ സൗകര്യങ്ങളും കമ്പനി ഒരുക്കിയിട്ടുണ്ട്.
മരിച്ചുപോയവരുടെ ഓട്ടോണമസ് ആയി പ്രവര്‍ത്തിക്കുന്ന ഒരു അവതാര്‍ നിര്‍മിക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്നാണ് സംരംഭകനായ പ്രതിക് ദേശായ് മാസങ്ങള്‍ക്ക് മുമ്പ് വെളിപ്പെടുത്തിയത്. അതിനാല്‍ നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ശബ്ദമോ വീഡിയോകളോ പകര്‍ത്തെവെക്കാന്‍ മറക്കേണ്ടെന്നും ദേശായ് ഓര്‍മിപ്പിക്കുന്നു.
സമാനമായി ജീവിച്ചിരിക്കുന്നയാളുകള്‍ക്ക് തങ്ങളുടെ വിര്‍ച്വല്‍ ക്ലോണുകള്‍ നിര്‍മിക്കാനുള്ള സൗകര്യമൊരുക്കുകയാണ് ലണ്ടനില്‍ പ്രവര്‍ത്തിക്കുന്ന സൊമ്‌നിയം സ്‌പേസ് എന്ന സ്ഥാപനം.
അതേസമയം ഇത് എല്ലാവര്‍ക്കും അനുയോജ്യമായിരിക്കില്ല എന്നാണ് സൊമ്‌നിയം സ്‌പേസ് സി.ഇ.ഒ ആര്‍തര്‍ സിങ്കോവ് പറയുന്നത്. ഞാന്‍ എന്റെ മുത്തച്ഛന്റെ എ.ഐ രൂപം കാണാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല. പക്ഷെ അതിന് ആഗ്രഹിക്കുന്നവര്‍ക്ക് അതിന് സാധിക്കും. സിങ്കോവ് പറയുന്നു.
ധാര്‍മികമായും തത്വശാസ്ത്രപരമായും സാങ്കേതികമായും ഒട്ടേറെ വെല്ലുവിളി ഈ മേഖല നേരിടുന്നുണ്ട്. ഇതിന്റെ സാധ്യതകളെ കുറിച്ചും പ്രശ്‌നങ്ങളെ കുറിച്ചുമെല്ലാമുള്ള ഗവേഷണ പഠനങ്ങള്‍ നടക്കുന്നുമുണ്ട്.