11 കുടുംബങ്ങൾക്ക് വീട് വെക്കാൻ ഒരേക്കർ ഭൂമി സൗജന്യമായി നൽകി സി.പി.എം നേതാവും ബന്ധുവും

എടക്കോം (കണ്ണൂർ ): ഒരിഞ്ച് ഭൂമി പോലും വെട്ടിപ്പിടിക്കാൻ തിടുക്കം കൂട്ടുന്നവർക്കിടയിൽ വേറിട്ട് നിൽക്കുകയാണ് എടക്കോം സ്വദേശിയും, സി.പി.എം ചപ്പാരപ്പടവ് ലോക്കൽ സെക്രട്ടറിയുമായ ടോമി മൈക്കിളും, സഹോദരീ ഭർത്താവ് ഇരിട്ടി എടൂർ സ്വദേശി ടോം ഫ്രാൻസിസും . ഇരുവരും ചേർന്ന് 25 ലക്ഷത്തോളം രൂപ ചെലവഴിച്ച് വാങ്ങിയ ഒരേക്കർ എട്ടര സെന്റ് സ്ഥലം സ്വന്തമായി സ്ഥലവും വീടും ഇല്ലാത്ത പാവങ്ങൾക്ക് സൗജന്യമായി നൽകാൻ ഒരുങ്ങുകയാണ്. 11 പേർക്ക് വീട് വയ്ക്കാനുള്ള ഭൂമി കൈമാറാനാണ് ഉദ്ദേശിക്കുന്നത്.
എടക്കോം ടൗണിൽ നിന്നും ഒരു കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഭൂമിയിൽ വഴി, വെള്ളം, വൈദ്യുതി തുടങ്ങി എല്ലാ സൗകര്യങ്ങളുമുണ്ട് . ഫെഡറൽ ബാങ്കിൽ നിന്നും വിരമിച്ച ടോമി മൈക്കിൾ ബെഫി സംസ്ഥാന കമ്മിറ്റി അംഗവും , ഐ.ആർ.പി.സിയുടെ സജീവ പ്രവർത്തകനുമാണ്. പെരുമ്പടവ് ബി.വി.ജെ.എം ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും വിരമിച്ച അധ്യാപിക സിൽവി സിറിയക് ആണ് ഭാര്യ. ഐ.ടി എൻജിനിയർമാരായ ജിതിൻ ടോം, സച്ചിൻ ടോം എന്നിവർ മക്കളാണ്. ഐ.ആർ.പി.സി ആലക്കോട് സോണൽ കൺവീനർ ആയി സേവനം ചെയ്ത കാലത്ത് ഭൂരഹിതരായ ആളുകൾ അനുഭവിക്കുന്ന ദുരിതം നേരിട്ട് അനുഭവിച്ചതാണ് ഇത്തരത്തിൽ ഒരു ഉദ്യമത്തിന് മുതിരാൻ കാരണമെന്ന് ടോമി മൈക്കിൾ പറയുന്നു.
ടോമി മൈക്കിളിന്റെ ഇളയ സഹോദരി ടൈനി മൈക്കിളിന്റെ ഭർത്താവാണ് ടോം ഫ്രാൻസിസ് . ഇരിട്ടി എടൂർ സ്വദേശിയാണ്. അർഹരെ കണ്ടെത്തി പാർപ്പിട ഭൂമിയുടെ സൗജന്യം വിതരണം നടത്തുന്നതിന് കെ.അനൂപ് കുമാർ കൺവീനറായ, ഭൂമി വിതരണ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഈ ഭൂമിയിൽ വീട് നിർമ്മിച്ച് നൽകാൻ സ്പോൺസർമാരെ കണ്ടെത്താനും ശ്രമം നടത്തുന്നുണ്ട്. എടക്കോം കോടിയേരി സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഭൂമി വിതരണം ചെയ്യും.