കൊമേഴ്‌സ്, മാനേജ്‌മെന്റ്, ആർട്‌സ് വിഷയങ്ങളിൽ ബി.എസ്.സി കോഴ്‌സുകള്‍ ആരംഭിക്കുമെന്ന് യു.ജി.സി

ന്യൂഡൽഹി: ആർട്‌സ്, കൊമേഴ്‌സ്, മാനേജ്മെന്റ് തുടങ്ങിയ വിഷയങ്ങളിൽ ബാച്ചിലർ ഓഫ് സയൻസ് എന്ന പുതിയ ബിരുദകോഴ്‌സ് അവതരിപ്പിക്കാനൊരുങ്ങി യു.ജി.സി. നിലവിൽ ആർട്‌സ്, ഹ്യുമാനിറ്റീസ്, സോഷ്യൽ സയൻസസ് എന്നിവയിൽ ബാച്ചിലർ ഓഫ് ആർട്‌സ് (ബി.എ.) ബിരുദമാണ് നൽകുന്നത്.
ശാസ്ത്രവിഷയങ്ങളിലാണ് ബാച്ചിലർ ഓഫ് സയൻസ് (ബി.എസ്.സി.) ബിരുദം അനുവദിക്കുന്നത്. എന്നാൽ, പുതിയ വിദ്യാഭ്യാസനയപ്രകാരം ആർട്‌സ്, സയൻസ് ഭേദമില്ലാതെ നാലുവർഷ ബിരുദ കോഴ്‌സുകൾ ആരംഭിക്കുന്നതിനാലാണ് പുതിയ ബിരുദ കോഴ്‌സ് യു.ജി.സി. ശുപാർശ ചെയ്യുന്നത്.
ഹ്യുമാനിറ്റീസ്, മാനേജ്മെന്റ്, കൊമേഴ്സ് തുടങ്ങിയ വിഷയങ്ങളിലെ ഒന്നും രണ്ടും വർഷത്തെ ബിരുദാനന്തരബിരുദ പ്രോഗ്രാമുകൾക്ക് മാസ്റ്റർ ഓഫ് സയൻസ് (എം.എസ്.) എന്ന പേര് സ്വീകരിക്കുന്നതും പരിഗണനയിലാണ്.
ബിരുദ കോഴ്‌സുകൾ നാലുവർഷമാക്കണമെന്ന ശുപാർശയെക്കുറിച്ചും ബാച്ചിലർ ഓഫ് സയൻസ് (ബി.എസ്.) ബിരുദ കോഴ്‌സ് അവതരിപ്പിക്കുന്നതിനെക്കുറിച്ചും അവലോകനം ചെയ്യാൻ യു.ജി.സി. അഞ്ചംഗസമിതി രൂപവത്കരിച്ചിട്ടുണ്ട്.
എല്ലാ വിഷയങ്ങളിലെയും ബിരുദ പ്രോഗ്രാമുകൾക്കായി ബി.എ.യും ബി.എസും ഉപയോഗിക്കുന്നത് വിദേശത്ത് സാധാരണമാണ്. അവിടങ്ങളിൽ ആർട്‌സ്, ശാസ്ത്ര വിഷയങ്ങളിൽ ബി.എ., ബി.എസ്. ബിരുദങ്ങൾ സർവകലാശാലകൾ നൽകുന്നുണ്ട്.