സനീഷിന് വേണം ഉദാരമതികളുടെ കൈത്താങ്ങ്

തലശ്ശേരി: ശ്വാസകോശത്തിൽ മുഴ വളരുന്ന രോഗം കാരണം ശരീരം തളരാൻ തുടങ്ങിയ നിർധന കുടുംബത്തിലെ യുവാവ് ചികിത്സ സഹായത്തിനായി ഉദാരമതികളുടെ സഹായം കാത്തിരിക്കുന്നു.
കാവുംഭാഗം വാവാച്ചി മുക്കിലെ മാമ്പയിൽ കാട്ടാളി കുനിയിൽ സനീഷിനെ (30) സഹായിക്കാൻ നാട്ടുകാർ ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തനം തുടങ്ങി.
തലശ്ശേരിയിലെ ഒരു മെറ്റൽ ഷോപ്പിൽ സെയിൽസ്മാനായിരുന്നു സനീഷ്. രോഗം പിടിമുറുക്കി ആരോഗ്യം ക്ഷയിച്ചുവരുന്നതിനാൽ ഇപ്പോൾ ജോലിക്ക് പോകാനാവുന്നില്ല. ചെറുപ്പത്തിൽ രണ്ട് തവണ സനീഷിന് ഇതേ രോഗം പിടിപെട്ടിരുന്നു.
അന്നും നാട്ടുകാരാണ് ചികിത്സക്കാവശ്യമായ സഹായം നൽകി യുവാവിന്റെ ജീവൻ രക്ഷിച്ചത്. ഇപ്പോൾ വീണ്ടും രോഗം മൂർച്ഛിച്ചു തുടങ്ങിയതിനാൽ അടിയന്തര ഓപറേഷന് വിധേയനാക്കണം.
എറണാകുളം അമൃത ആസ്പത്രിയിലാണ് ചികിത്സിക്കുന്നത്. ഇവിടെയാണ് ഓപ്പറേഷൻ നടത്താൻ നിശ്ചയിച്ചത്. ഭാരിച്ച ചെലവ് വരുന്നതിനാൽ ഒമ്പതാം വാർഡ് കൗൺസിലർ പി.കെ. ബിജില ചെയർമാനും വി.എൻ. ഗിരീശൻ കൺവീനറും ലിജിൻ ചന്ദ്രൻ ട്രഷററുമായ കമ്മിറ്റിയാണ് സഹായ അഭ്യർഥനയുമായി സുമനസ്സുകളെ സമീപിക്കുന്നത്.
ജീവകാരുണ്യ പ്രവർത്തനവുമായി സഹകരിക്കണമെന്ന് കമ്മിറ്റി ഭാരവാഹികൾ അഭ്യർഥിച്ചു. സനീഷ് സഹായ കമ്മിറ്റി അക്കൗണ്ട് നമ്പർ: 40707101055104, ഐ.എഫ്.എസ്.സി KLGB 0040707, ഫോൺ: 9947291979, 9074020755.