കെ.പി.സി.സി മുൻ സെക്രട്ടറി പ്രതിയായ പുൽപ്പള്ളി സഹകരണബാങ്ക് തട്ടിപ്പ്; ബാങ്കിലും വീടുകളിലും ഇ.ഡി റെയ്ഡ്

Share our post

വയനാട്: വയനാട് പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങി. ബാങ്ക് അടക്കം വിവിധയിടങ്ങളിൽ ഇ.ഡി. റെയ്ഡ് നടത്തി. ബാങ്ക്, ബാങ്കിന്റെ ഭരണ സമിതി പ്രസിഡന്റ് ആയിരുന്ന കെ.കെ. അബ്രഹാം, വായ്പ നൽകാൻ കൂട്ടുനിന്ന ഉമാ ദേവി, വായ്പാ വിഭാ​ഗം മേധാവി സജീവൻ കൊല്ലപ്പള്ളി എന്നിവരുടെ വീട്ടിലാണ് റെയ്ഡ് .

2016 – 17 കാലയളവിൽ ഏകദേശം 8 കോടി രൂപയുടെ തട്ടിപ്പ് ഈ ഭരണ സമിതി നടത്തിയിട്ടുണ്ട് എന്ന് നേരത്തെ കണ്ടെത്തിയിരുന്നു.പുൽപ്പള്ളി സര്‍വീസ് സഹകരണ ബാങ്കില്‍ വായ്പത്തട്ടിപ്പിനിരയായ കര്‍ഷകന്‍ ആത്മഹത്യചെയ്തതിന് പിന്നാലെയാണ് ബാങ്കിന്റെ മുന്‍ പ്രസിഡന്റും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമായിരുന്ന കെ.കെ. അബ്രഹാമിനെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്.

പുല്‍പ്പള്ളി സഹകരണ ബാങ്കിലെ തട്ടിപ്പ് നടക്കുന്ന ഘട്ടത്തില്‍ പ്രസിഡന്റായിരുന്നു അബ്രഹാം. സംഭവത്തിൽ രമാദേവിയും കെ.കെ. എബ്രഹാമും ജയിലിലാണ്.കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിക്കായിരുന്നു ബാങ്കിന്റെ നിയന്ത്രണം. മരിച്ച രാജേന്ദ്രന്റെ പേരില്‍ രണ്ട് വായ്പകളുണ്ട്. കുടിശ്ശികയടക്കം 46.58 ലക്ഷം രൂപ തിരിച്ചടയ്ക്കാനുണ്ടെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു. അതേസമയം, ബാങ്കില്‍ നടന്ന വായ്പത്തട്ടിപ്പിനിരയാണ് രാജേന്ദ്രനെന്ന് ബന്ധുക്കള്‍ പറഞ്ഞു.

സ്ഥലം പണയപ്പെടുത്തി 70,000 രൂപയാണ് വായ്പയെടുത്തിരുന്നത്. എന്നാല്‍, ബാങ്ക് മുന്‍ പ്രസിഡന്റ് കെ.കെ.അബ്രഹാമിന്റെ നേതൃത്വത്തില്‍ രാജേന്ദ്രന്റെ പേരില്‍ വന്‍തുക കൈപ്പറ്റുകയായിരുന്നെന്നാണ് ബന്ധുക്കളുടെ ആരോപണം.

തുക തിരികെ അടയ്ക്കണമെന്നാവശ്യപ്പെട്ട് ബാങ്കില്‍നിന്ന് രാജേന്ദ്രന് നോട്ടീസ് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആത്മഹത്യ. രാജേന്ദ്രന്റെ ബന്ധുക്കളുടെ ആരോപണത്തെ തുടര്‍ന്ന് അബ്രഹാമിനെ പുല്‍പ്പള്ളി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!