വയനാട്ടില്‍ പശുക്കിടാവിനെ കവുങ്ങില്‍ കെട്ടിയിട്ട് കഴുത്തില്‍ കയര്‍മുറുക്കി കൊന്നു

പനമരം: പൂതാടി ചെറുകുന്നില്‍ പശുക്കിടാവിനുനേരെ സമൂഹവിരുദ്ധരുടെ കൊടുംക്രൂരത. പശുക്കിടാവിനെ കവുങ്ങില്‍ കെട്ടിയിട്ട്, കഴുത്തില്‍ കയറുമുറുക്കി ക്രൂരമായി കൊന്നു. ചെറുകുന്ന് കൊവള കോളനിയിലെ പതയ എന്ന വീട്ടമ്മയുടെ ഒരു വയസ്സ് പ്രായമുള്ള പശുക്കിടാവാണ് ചത്തത്.
വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍മാറി ചെറുകുന്ന് വയലിലെ കവുങ്ങിന്‍തോട്ടത്തിലാണ് പശുക്കിടാവിനെ ചത്തനിലയില്‍ കണ്ടത്.വ്യാഴാഴ്ച രാവിലെ തൊഴുത്തില്‍ കെട്ടിയ പശുക്കിടാവിനെ കാണാത്തതിനെത്തുടര്‍ന്നാണ് വീട്ടുകാര്‍ തിരച്ചില്‍ നടത്തിയത്.
പശുക്കിടാവിന്റെ കൈയും കാലും കഴുത്തും കയറിട്ട് മുറുക്കിയനിലയിലായിരുന്നു. സ്വകാര്യഭാഗത്ത് മരക്കോല്‍ കുത്തിക്കയറ്റിയിട്ടുമുണ്ട്. ദേഹമാസകലം മുറിപ്പാടുകളുമുണ്ട്.
വിവരമറിഞ്ഞ് ജനപ്രതിനിധികളും കേണിച്ചിറ പോലീസും നാട്ടുകാരും സ്ഥലത്തെത്തി. കേണിച്ചിറ വെറ്ററിനറി സര്‍ജന്റെ നേതൃത്വത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. രക്തംവാര്‍ന്ന് ശ്വാസംമുട്ടിയാണ് കിടാവ് ചത്തതെന്ന് സര്‍ജന്‍ പറഞ്ഞു.
സമൂഹവിരുദ്ധര്‍ കിടാവിനെ കെട്ടിയിട്ട് പീഡനത്തിനിരയാക്കിയതാണെന്ന് നാട്ടുകാര്‍ പറഞ്ഞു. പതയയുടെ മകന്‍ ശശീന്ദ്രന്റെ പരാതിപ്രകാരം കേണിച്ചിറ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.