‘നാടക നടന്‍ പാലോടന്‍, അഹങ്കാരമൂര്‍ത്തി പറവൂര്‍ രാജാവ്’; ഡി.സി.സി പ്രസിഡന്റിനും സതീശനുമെതിരെ പോസ്റ്ററുകള്‍

തിരുവനന്തപുരം: തലസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഡി.സി.സി. പ്രസിഡന്റിനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനുമെതിരെ പോസ്റ്ററുകള്‍. കോണ്‍ഗ്രസ് പാര്‍ട്ടി പോസ്റ്റ് വില്‍പ്പനയ്ക്ക് എന്ന പോസ്റ്ററുകളാണ് കെ.പി.സി.സി. ഓഫീസിന് മുന്നിലടക്കം പ്രത്യക്ഷപ്പെട്ടത്. സേവ് കോണ്‍ഗ്രസ് ഫോറത്തിന്റെ പേരിലാണ് പോസ്റ്റര്‍.
‘വില്‍പ്പനയ്ക്ക്… കോണ്‍ഗ്രസ് പാര്‍ട്ടി പോസ്റ്റ് ഫോര്‍ സെയില്‍.. കോണ്‍ടാക്ട് പാലോടന്‍ ആന്‍ഡ് പറവൂരന്‍ കമ്പനി’, ‘തലസ്ഥാന ജില്ലയിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ തകര്‍ത്ത് തരിപ്പണമാക്കിയ പിരിവ് വീരന്‍, നാടക നടന്‍ പാലോടന്റെയും അഹങ്കാരമൂര്‍ത്തി പരവൂര്‍ രാജാവിന്റേയും നടപടിയില്‍ പ്രതിഷേധിക്കുക… സേവ് കോണ്‍ഗ്രസ് ഫോറം’ എന്നിങ്ങനെയാണ് പോസ്റ്ററുകളില്‍ എഴുതിയിരിക്കുന്നത്.
ബ്ലോക്ക് പ്രസിഡന്റുമാരുടെ നിയമനത്തില്‍ സംസ്ഥാനത്ത് ഉടനീളം കോണ്‍ഗ്രസില്‍ വലിയ പ്രതിഷേധസ്വരങ്ങള്‍ ഉയരുന്നുണ്ട്. പുനഃസംഘടനയില്‍ എ, ഐ. ഗ്രൂപ്പുകള്‍ക്ക് ഒരുപോലെ അതൃപ്തിയുണ്ട്. ഇത് പരസ്യമാക്കി മുതിര്‍ന്ന നേതാക്കള്‍ തന്നെ രംഗത്തെത്തിയിരുന്നു.
തങ്ങളെ വിശ്വാസത്തിലെടുക്കാതെ കെ. വേണുഗോപാല്‍- വി.ഡി. സതീശന്‍- കെ. സുധാകരന്‍ ഗ്രൂപ്പുകള്‍ ബ്ലോക്ക് പ്രസിഡന്റ് സ്ഥാനങ്ങള്‍ പങ്കിട്ടെടുത്തുവെന്ന വികാരമാണ് ഇരുഗ്രൂപ്പുകള്‍ക്കുമുള്ളത്.