കെട്ടിക്കിടക്കുന്ന കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ ക്രൈംബ്രാഞ്ച്‌

Share our post

തിരുവനന്തപുരം : സംസ്ഥാനത്ത്‌ കെട്ടിക്കിടക്കുന്ന കേസുകളുടെ കണക്കെടുക്കാനും വേഗത്തിൽ തീർപ്പാക്കാനും ക്രൈംബ്രാഞ്ച്‌ നടപടിയാരംഭിച്ചു. എ.ഡി.ജി.പി എച്ച്‌. വെങ്കിടേഷിന്റെ നേതൃത്വത്തിൽ ജില്ലകളിലെ കേസുകളുടെ അവലോകനം നടക്കുകയാണ്‌. ആലപ്പുഴ, എറണാകുളം, കണ്ണൂർ ജില്ലകളിലെ അവലോകനയോഗം കഴിഞ്ഞദിവസം നടന്നു. പാലക്കാട്‌, തൃശൂർ ജില്ലകളുടേത്‌ അടുത്തയാഴ്‌ചയും മറ്റു ജില്ലകളുടേത്‌ തുടർദിവസങ്ങളിലും ചേരും.

 മുഴുവൻ കേസുകളിലും പ്രതികൾക്ക്‌ പരമാവധി വേഗം ശിക്ഷയുറപ്പിക്കുകയാണ്‌ ക്രൈംബ്രാഞ്ചിന്റെ ലക്ഷ്യം. കേസുകളുടെ അന്വേഷണ പുരോഗതി കണ്ടെത്തുകയെന്നതാണ്‌ ആദ്യപടി. സാമ്പത്തിക തട്ടിപ്പ്‌, കൊലപാതകങ്ങൾ, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ, ഗാർഹിക പീഡനം തുടങ്ങി ഓരോ വിഭാഗത്തിലും എത്ര കേസുകൾ അവശേഷിക്കുന്നുവെന്ന്‌ അവലോകനത്തിലൂടെ കണ്ടെത്തും.

ചുരുക്കം കേസുകളേ കീറാമുട്ടിയായി അവശേഷിക്കുന്നുള്ളൂ. ബാക്കിയുള്ളവ അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്‌. ഓരോ കേസിലും പരമാവധി വേഗം പ്രതികളെ കണ്ടെത്താൻ അന്വേഷണ ഉദ്യോഗസ്ഥർക്ക്‌ എഡിജിപി നിർദേശം നൽകിയിട്ടുണ്ട്‌. കേസുകളുടെ എണ്ണത്തിൽ സാമ്പത്തിക തട്ടിപ്പുകളാണ്‌ മുമ്പിൽ. ഒരുകേസിൽ തന്നെ നിരവധിയാളുകൾ പരാതിയുമായെത്തുന്നതാണ്‌ എണ്ണത്തിലെ വർധനവിന്‌ കാരണം. ബി.എസ്‌.എൻ.എൽ എൻജിനിയേഴ്‌സ്‌ സഹ. സംഘം തട്ടിപ്പ് കേസ്, കേച്ചേരി ഫിനാൻസ്‌ തട്ടിപ്പ്‌ കേസടക്കം പ്രമാദമായ കേസുകളിൽ ക്രൈംബ്രാഞ്ച്‌ പ്രത്യേകം സംഘങ്ങളായി തിരിഞ്ഞ്‌ അന്വേഷണം പുരോഗമിക്കുകയാണ്‌. വലിയ തട്ടിപ്പുകേസുകളിലെ അന്വേഷണത്തിന്‌ കൂടുതൽ സൗകര്യങ്ങൾ നൽകുമെന്ന്‌ എ.ഡി.ജി.പി എച്ച്‌. വെങ്കിടേഷ്‌ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!