പ്ലാസ്‌റ്റിക്‌ മാലിന്യമിടാൻ കുട്ടികൾക്കായി കുട്ടിക്കൊട്ടകൾ

Share our post

പെരളശേരി : പാഴ് വസ്തുക്കൾ ശേഖരിക്കാൻ സ്ഥാപിച്ചതാണെങ്കിലും കാണുമ്പോൾ ഓമനത്തം തോന്നും ഈ കുട്ടിക്കൊട്ടകൾ. വലിപ്പത്തിലും രൂപത്തിലും തനി കുട്ടി തന്നെ. പെരളശേരി പഞ്ചായത്തിലെ എട്ടാം വാർഡിലാണ് സ്കൂൾ കുട്ടികൾക്കായി കുട്ടിക്കൊട്ടകൾ സ്ഥാപിച്ചത്. ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി സി.പി.എം നേതൃത്വത്തിൽ വാർഡിൽ ശുചീകരണം നടന്നിരുന്നു. പാതയോരങ്ങളാകെ ശുചീകരിച്ചതുമാണ്. സ്കൂൾ തുറന്നതിന് ശേഷം വഴിയോരങ്ങളിൽ മിഠായി, ഐസ് ഉൾപ്പെടെയുള്ളവയുടെ കവറുകൾ വ്യാപകമായി. നിക്ഷേപിക്കാൻ പ്രത്യേക സ്ഥലമില്ലാത്തതിനാൽ വഴിയരികിൽ കുട്ടികൾ കവറുകൾ വലിച്ചെറിയാൻ തുടങ്ങി. ഇത് പരിഹരിക്കാൻ വാർഡംഗവും പെരളശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ വി. പ്രശാന്തിന്റെ ആശയത്തിലാണ് കുട്ടിക്കൊട്ടകൾ പിറവിയെടുത്തത്.
പെയിന്റ് പാട്ട, വാഹനങ്ങളുടെ വീൽ, കപ്പ് ഉൾപ്പെടെയുള്ള പാഴ് വസ്തുക്കൾ ഉപയോഗിച്ചാണ് കുട്ടിക്കൊട്ടകൾ നിർമിച്ചത്. സുനിൽകുമാറാണ്‌ ശില്പി. വാർഡിലെ വിവിധ കേന്ദ്രങ്ങളിൽ പത്ത്‌ കൊട്ടകൾ സ്ഥാപിച്ചു. രണ്ട് ദിവസംകൊണ്ട് നിരവധി കവറുകൾ നിറഞ്ഞു. വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ബോധവൽക്കരണവും നടക്കുന്നുണ്ട്. കുട്ടികളും കുട്ടിക്കൊട്ടകൾ ഉപയോഗിക്കുന്നതിൽ സന്തോഷത്തിലാണ്‌. ഈ വിജയമാതൃക പഞ്ചായത്തിലാകെ നടപ്പാക്കാൻ തയ്യാറെടുക്കുകയാണ് പെരളശേരി പഞ്ചായത്ത്.

Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!