റോഡിൽ പ്രസവിച്ച ആന കുട്ടിയുമായി വിശ്രമിക്കുന്നത് കൃഷിയിടത്തിൽ; കാവലിനു ആനക്കൂട്ടം

ഇരിട്ടി: നാട്ടിലെ റോഡിൽ പ്രസവിച്ച ആന കുട്ടിയുമായി വിശ്രമിക്കുന്നത് തൊട്ടടുത്ത കൃഷിയിടത്തിൽ.
കഴിഞ്ഞ ദിവസം രാത്രി ആറളം ഫാം ബ്ലോക്ക് 4ൽ സെൻട്രൽ നഴ്സറിക്കു സമീപം പാലപ്പുഴ – കക്കുവ – കീഴ്പ്പള്ളി മരാമത്ത് റോഡിൽ പ്രസവിച്ച കാട്ടാനയും കുഞ്ഞുമാണ് ഫാമിൽ തന്നെ ജനസാന്നിധ്യം കുറഞ്ഞ കൃഷിയിടത്തിലേക്ക്
തമ്പടിച്ചിരിക്കുന്നത്.
പ്രസവ സമയത്ത് ഒപ്പം ഉണ്ടായിരുന്ന മറ്റ് ആനകൾ സംരക്ഷണ കവചം തീർത്ത് ഒപ്പമുണ്ട്. ദ്രുത പ്രതികരണ സേന ഉൾപ്പെടെ വനം വകുപ്പ് സംഘം സ്ഥലത്തുണ്ട്.ആറളം ഫാമിൽ കാട്ടാന ശല്യം രൂക്ഷമായതിനാൽ പ്രദേശത്ത് വനം വകുപ്പ് ആർ.ആർ.ടി സംഘം പട്രോളിങ് നടത്തുന്നുണ്ട്.
ബുധനാഴ്ച രാത്രി ഈ സംഘം പട്രോളിങ് നടത്തുമ്പോഴാണ് ടാർ റോഡിൽ കാട്ടാനയുടെ പ്രസവത്തിനു സാക്ഷികളായത്. ഫാം സെക്യൂരിറ്റി സംഘവും ഉണ്ടായിരുന്നു. പ്രസവം നടത്തി മറുപിള്ള കളഞ്ഞു കുഞ്ഞിനെ തട്ടി എണീപ്പിച്ചു പോകുവരെ സമീപത്തേക്ക് ആരും ചെല്ലാതിരിക്കാൻ മറ്റ് ആനകൾ സംരക്ഷണം ഒരുക്കി. ഉടൻതന്നെ അര കിലോമീറ്റർ ചുറ്റളവിൽ വനപാലകർ കാവൽ ഒരുക്കി.