12 വർഷം മുമ്പ് കാണാതായ യുവതിക്ക് വേണ്ടി സെപ്റ്റിക് ടാങ്കിൽ പരിശോധന

തിരുവനന്തപുരം: തിരുവനന്തപുരത്ത് പന്ത്രണ്ട് വർഷം മുമ്പ് കാണാതായ യുവതിയുടെ മൃതദേഹത്തിന് വേണ്ടി സെപ്റ്റിക് ടാങ്കിൽ പരിശോധന.
ബന്ധുക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പാങ്ങോട് പഴവിള സ്വദേശി ഷാമിലയേയാണ് പന്ത്രണ്ട് വർഷങ്ങൾക്ക് മുമ്പ് കാണാതായത്.
മലപ്പുറത്ത് ഹോം നേഴ്സായി ജോലി ചെയ്തു വരുന്നതിനിടെയാണ് ഷാമിലയെ കാണാതാകുന്നത്. രണ്ടു കുട്ടികളെ വക്കത്ത് താമസിക്കുന്ന സഹോദരിയുടെ വീട്ടിൽ കൊണ്ടുവിട്ട ശേഷം മലപ്പുറത്ത് വീട്ടു ജോലിക്ക് പോയതായിരുന്നു ഷാമില.
എന്നാൽ പിന്നീട് ഇവരെ കാണാതാവുകയായിരുന്നു. തന്റെ സഹോദരൻ ദേഹോപദ്രവമേൽപ്പിക്കുന്നു എന്നായിരുന്നു അന്ന് സഹോദരിയോട് ഷാമില പറഞ്ഞത്.
കഴിഞ്ഞ വർഷം ഷാമിലയുടെ മകൾ പാങ്ങോട് പോലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഷാമിലയുടെ സഹോദരിയുടെ മൊഴി അടിസ്ഥാനപ്പെടുത്തി വീടിന്റെ സെപ്റ്റിക് ടാങ്ക് തുറന്ന്പരിശോധിക്കുകയായിരുന്നു.
ആറ് മാസം മുമ്പ് വരെ പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസായി പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ സെപ്റ്റിക് ടാങ്ക് ആണ് തുറന്ന് പരിശോധിച്ചത്.
പാങ്ങോട് സി.ഐയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. എന്നാൽ ഇത് സംശയം മാത്രമായിരുന്നുവെന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
പരിശോധനയിൽ സംശയിക്കത്തക്കതായി ഒന്നും തന്നെ ലഭിച്ചില്ല. പരാതിയിന്മേലുള്ള അന്വേഷണം തുടരുമെന്ന് പോലീസ് വ്യക്തമാക്കി.