ഗവേഷക വിദ്യാര്‍ഥിനികള്‍ക്ക് നേരേ ലൈംഗികാതിക്രമമെന്ന് പരാതി; കാലിക്കറ്റിലെ മുന്‍ അധ്യാപകനെതിരേ കേസ്

Share our post

കോഴിക്കോട്: ഗവേഷക വിദ്യാര്‍ഥിനികള്‍ക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ കാലിക്കറ്റ് സര്‍വകലാശാലയിലെ മുന്‍ അധ്യാപകനെതിരേ പോലീസ് കേസെടുത്തു. സൈക്കോളജി വിഭാഗത്തില്‍ അധ്യാപകനായിരുന്ന ഡോ. ടി. ശശിധരനെതിരെയാണ് തേഞ്ഞിപ്പലം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

സര്‍വകലാശാലയിലെ രണ്ടു വിദ്യാര്‍ഥിനികളുടെ പരാതിയില്‍ രണ്ട് എഫ്.ഐ.ആറുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.കാലിക്കറ്റ് സര്‍വകലാശാല കാമ്പസിന് സമീപം താമസിക്കുന്ന മുന്‍ അധ്യാപകന്‍ ഇയാളുടെ വീട്ടില്‍വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് ഗവേഷക വിദ്യാര്‍ഥിനികളുടെ പരാതി.

മേയ് 11, 19 തീയതികളിലായിരുന്നു സംഭവം.ആറുവര്‍ഷം മുമ്പ് സര്‍വീസില്‍ നിന്ന് സ്വയം വിരമിച്ച അധ്യാപകന്‍ സര്‍വകലാശാല കാമ്പസിന് സമീപം ഒറ്റയ്ക്കായിരുന്നു താമസം. സര്‍വീസില്‍ നിന്ന് വിരമിച്ചെങ്കിലും അക്കാദമിക് ആവശ്യങ്ങള്‍ക്കായി ഗവേഷകര്‍ അധ്യാപകനെ സമീപിക്കാറുണ്ടായിരുന്നു.

ഇത്തരത്തില്‍ അക്കാദമിക് കാര്യങ്ങളുടെ മറവിലാണ് ഇയാള്‍ വിദ്യാര്‍ഥിനികളോട് മോശമായി പെരുമാറിയതെന്നാണ് ആരോപണം. മേയ് 11-ാം തീയതി അധ്യാപകന്റെ വീട്ടിലെത്തിയ ഗവേഷക വിദ്യാര്‍ഥിനിയെ ഇയാള്‍ കയറിപ്പിടിക്കാന്‍ ശ്രമിച്ചെന്നും മോശമായി പെരുമാറിയെന്നുമാണ് പരാതി.

സംഭവസമയത്ത് ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്നും വിവരം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. മേയ് 19-നാണ് സമാനരീതിയില്‍ മറ്റൊരു ഗവേഷക വിദ്യാര്‍ഥിനിക്കും മുന്‍ അധ്യാപകനില്‍ നിന്ന് ദുരനുഭവം നേരിട്ടത്. ഗവേഷണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സഹായം നല്‍കാമെന്ന് പറഞ്ഞ് ഇയാള്‍ വിദ്യാര്‍ഥിനിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്.

മേയ് 19-ന് വീട്ടിലെത്തിയ രണ്ടാമത്തെ പരാതിക്കാരിയോടും ഇയാള്‍ ലൈംഗികാതിക്രമം നടത്തുകയും മോശമായി പെരുമാറുകയുമായിരുന്നു. പഠനത്തിന്റെ ഭാഗമായാണ് ഇതെല്ലാം ചെയ്യുന്നതെന്നും എല്ലാം രഹസ്യമായിരിക്കണമെന്നുമാണ് ഇയാള്‍ പെണ്‍കുട്ടിയോട് പറഞ്ഞിരുന്നത്.

അധ്യാപകന്റെ പെരുമാറ്റത്തില്‍ ഞെട്ടിയ തനിക്ക് കൈയും കാലും വിറച്ചെന്നും ഒന്നും പ്രതികരിക്കാന്‍ പറ്റിയില്ലെന്നുമായിരുന്നു പരാതിക്കാരിയുടെ മൊഴി. പിന്നീട് പിറ്റേ ദിവസം ഭര്‍ത്താവിനെയും പഠനവകുപ്പിലെ അധ്യാപികയെയും വിവരമറിയിക്കുകയായിരുന്നു. ഇതോടെ നേരത്തെ അതിക്രമത്തിനിരയായ വിദ്യാര്‍ഥിനിയും തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തി.

തുടര്‍ന്ന് വകുപ്പ് മേധാവി മുഖേന രജിസ്ട്രാര്‍ക്കും പരാതി നല്‍കി. സര്‍വകലാശാല രജിസ്ട്രാര്‍ കൈമാറിയ പരാതിയില്‍ വിദ്യാര്‍ഥിനികളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം തേഞ്ഞിപ്പലം പോലീസ് കേസെടുക്കുകയായിരുന്നു.

അധ്യാപകനെ കണ്ടെത്താനായില്ല, അന്വേഷണം തുടരുന്നതായി പോലീസ്…

ഗവേഷക വിദ്യാര്‍ഥിനികള്‍ക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ പ്രതിയായ ഡോ. ടി. ശശിധരനായി അന്വേഷണം തുടരുകയാണെന്നായിരുന്നു തേഞ്ഞിപ്പലം എസ്.എച്ച്.ഒ.യുടെ പ്രതികരണം. സര്‍വകലാശാല കാമ്പസിന് സമീപത്തെ ഇയാളുടെ വീട്ടില്‍ രണ്ടു തവണ പോലീസ് സംഘം പോയപ്പോളും വീട് പൂട്ടിയിട്ടനിലയിലായിരുന്നു.

സംഭവത്തിന് പിന്നാലെ ഇയാള്‍ തിരുവനന്തപുരത്തേക്ക് പോയെന്നാണ് കരുതുന്നത്. കേസില്‍ അന്വേഷണം തുടരുകയാണെന്നും പ്രതിയെ ഉടന്‍ കസ്റ്റഡിയിലെടുക്കാനാകുമെന്നും തേഞ്ഞിപ്പലം എസ്.എച്ച്.ഒ. മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

അതിനിടെ, കേസുമായി ബന്ധപ്പെട്ട പ്രതികരണം തേടി കുറ്റാരോപിതനായ മുന്‍ അധ്യാപകനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!