ജില്ലയിൽ 54 ഭക്ഷണശാലകൾക്ക് ശുചിത്വ സർട്ടിഫിക്കറ്റ് : ‘ഈറ്റ് റൈറ്റ് കേരള’ ആപ്പ് നോക്കാം, വൃത്തിയുള്ള ഭക്ഷണം കഴിക്കാം

Share our post

കണ്ണൂർ : ജില്ലയിൽ ഇതുവരെ ശുചിത്വ സർട്ടിഫിക്കറ്റ് ലഭിച്ചത് 54 ഭക്ഷണശാലകൾക്ക്. ഗുണനിലവാരവും വൃത്തിയും ഉറപ്പാക്കിയ’നല്ല ‘ഹോട്ടലുകൾക്കും ബേക്കറികൾക്കുമാണ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ.) റേറ്റിങ് നൽകിയത്. ജില്ലയിൽ 47 റസ്റ്റോറന്റുകൾക്കും ഏഴ് ബേക്കറികൾക്കും സർട്ടിഫിക്കറ്റ് ലഭിച്ചു. ജ്യൂസ് ഷോപ്പുകൾക്ക് ലഭിച്ചിട്ടില്ല. കുറെ സ്ഥാപനങ്ങൾ ഓഡിറ്റ് കഴിഞ്ഞ് സർട്ടിഫിക്കറ്റിന് കാത്തുനിൽക്കുന്നുണ്ട്

നിലവിൽ സംസ്ഥാനത്ത് 1600 ആഹാര വിൽപ്പന സ്ഥാപനങ്ങൾക്കാണ് ശുചിത്വ സർട്ടിഫിക്കറ്റ് നൽകിയത്. ഭക്ഷണശാലകൾക്ക് ഭക്ഷ്യസുരക്ഷാ വകുപ്പ് മുഖേനയോ സ്വന്തമായോ എഫ്.എസ്.എസ്.എ.ഐ.യിൽ റജിസ്റ്റർചെയ്ത് ശുചിത്വ സർട്ടിഫിക്കറ്റിന് അപേക്ഷിക്കാമെന്ന് ഭക്ഷ്യസുരക്ഷാ കമ്മിഷണർ വി.ആർ. വിനോദ് പറഞ്ഞു.

ഗുണനിലവാരവും വൃത്തിയും ഉറപ്പാക്കുന്ന ഭക്ഷണ ശാലകൾക്കാണ് ‘ഹൈജീൻ സർട്ടിഫിക്കറ്റ്’ നൽകുന്നത്. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ ചുമതലപ്പെടുത്തുന്ന ഏജൻസി പട്ടിക പരിശോധിക്കും. ശുചീകരണം, ആഹാരം തയ്യാറാക്കൽ, ഭക്ഷണവിതരണം എന്നിവ പരിശോധിക്കും.

രണ്ടുവർഷത്തേക്കാണ് റേറ്റിങ്. അതുകഴിഞ്ഞ് വീണ്ടും പുതുക്കണം. കഴിക്കാൻ എത്തുന്നവർക്ക് ഭക്ഷണശാലകളുടെ വൃത്തിയും ആഹാരത്തിന്റെ ഗുണനിലവാരവും ആപ്പ് വഴി അറിയാം. ‘നല്ല ‘ ഹോട്ടലുകളിലും ബേക്കറിയിലും കയറാം.

ഈറ്റ് റൈറ്റ് കേരള

പ്ലേ സ്റ്റോറിൽ ഈറ്റ് റൈറ്റ് കേരള ആപ്പ് ഡൗൺലോഡ് ചെയ്യാം. യാത്രചെയ്യുമ്പോൾ ലൊക്കേഷൻ ഓൺ ആക്കുക. അതിൽ ബേക്കറി, റസ്റ്റോറന്റ്, ജ്യൂസ് സെന്ററുകൾ എന്നിവ കാണാം. ഇതിൽ ക്ലിക്ക് ചെയ്താൽ ആഹാര സ്ഥാപനങ്ങളുടെ പേരും സ്ഥലവും ലൊക്കേഷനും കിട്ടും.

ഒരു സ്ഥാപനത്തിൽ ക്ലിക്ക് ചെയ്താൽ അത് സ്ഥിതിചെയ്യുന്ന കൃത്യമായ സ്ഥലം കിട്ടും. യാത്ര തുടങ്ങുംമുൻപ് ഏത് ജില്ലയിലെയും ശുചിത്വ ഹോട്ടലുകൾ നോക്കി മനസ്സിലാക്കാം. ഇതിന് ആപ്പിലെ ലൊക്കേഷൻ ഫ്രം മാപ്പ് എടുത്ത് ജില്ല തിരഞ്ഞെടുക്കാം. ആഹാര സ്ഥാപനങ്ങൾ തേടാം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!