ബി. എസ്. എൻ.എല്ലിന് 89,000 കോടി; മൂന്നാമത്തെ പുനരുജ്ജീവന പാക്കേജുമായി കേന്ദ്രസർക്കാർ

ടെലികോം പൊതുമേഖലാ സ്ഥാപനമായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന് (ബി.എസ്എൻഎൽ) 89,000 കോടി രൂപയുടെ പുനരുജ്ജീവന പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
ബി. എസ്. എൻ.എല്ലിനുള്ള മൂന്നാമത്തെ പുനരുജ്ജീവന പാക്കേജിനാണ് നിലവിൽ അംഗീകാരം നൽകിയിരിക്കുന്നത്. 89,047 കോടി രൂപയുടെ (10.79 ബില്യൺ ഡോളർ) പുനരുജ്ജീവന പാക്കേജ് ആണ് നൽകുക. ഇതോടെ ബി. എസ്. എൻ.എല്ലിന്റെ മൂലധനം 1.50 ലക്ഷം കോടിയിൽ നിന്നും 2.10 ലക്ഷം കോടി രൂപയായി ഉയർത്തി.
ബി. എസ്. എൻ.എല്ലിന് 4ജി/5ജി സ്‌പെക്ട്രം അനുവദിക്കുന്നതിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗം അനുമതി നൽകിയിട്ടുണ്ട്. രാജ്യത്തെ ഉൾനാടൻ ഗ്രാമങ്ങളിലുൾപ്പെടെ കണക്റ്റിവിറ്റി നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് സ്ഥിരതയുള്ള ടെലികോം സേവന ദാതാവായി ബി. എസ്. എൻ.എല്ലിനെ മാറ്റിയെടുക്കുകയുമാണ് ലക്ഷ്യം.
മുൻപ് 2019 ൽ ബി. എസ്. എൻ.എല്ലിനായി 69000 കോടി രൂപയുടെ ആദ്യ പുനരുജ്ജീവന പാക്കേജിന് സർക്കാർ അംഗീകാരം നൽകിയിരുന്നു. ടെലികോം പൊതുമേഖലാ സ്ഥാപനത്തെ കൂടുതൽ ലാഭകരമായ സ്ഥാപനമാക്കി മാറ്റുന്നതിന് 4ജി, 5ജി സേവനങ്ങൾ നൽകുന്നതിനായി 2022 ജൂലൈയിൽ ബി. എസ്. എൻ.എല്ലിന് 1.64 ലക്ഷം കോടി രൂപയുടെ പുനരുജ്ജീവന പാക്കേജും കേന്ദ്രം പ്രഖ്യാപിച്ചിരുന്നു.
ഈ രണ്ട് പാക്കേജുകളും 2021-22 സാമ്പത്തിക വർഷം മുതൽ പ്രവർത്തന ലാഭം നേടാൻ ബി. എസ്. എൻ.എല്ലിസ് സഹായകരമായിട്ടുണ്ട്. കൂടാതെ, ബി.എസ്.എൽ.എല്ലിന്റെ മൊത്തം കടം 32,944 കോടി രൂപയിൽ നിന്ന് 22,289 കോടി രൂപയായി കുറയുകയും ചെയ്തു
അടിസ്ഥാനസൗകര്യങ്ങളിലെ അപര്യാപ്തതയാണ് ബി. എസ്. എൻ.എൽ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന്. റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ തുടങ്ങിയ കമ്പനികളെല്ലാം ഇക്കാര്യത്തിൽ ഏറെ മുൻപിലുമാണ്.