ഇങ്ങനെയുമുണ്ട് കള്ളൻമാർ; വീട്ടിൽ കയറിവന്ന് ചോദിക്കുന്നത് വ്യത്യസ്‌തമായ കാര്യം, തിരിഞ്ഞുനടക്കുമ്പോൾ ആക്രമിക്കും

Share our post

കോട്ടയം: ഉഴവൂരിൽ വൃദ്ധയുടെ വീട്ടിൽ മാമ്പഴം ചോദിച്ചെത്തി സ്വർണ്ണം കവർന്ന കേസിൽ മൂന്നു പേർ കൂടി അറസ്റ്റിൽ. തൊടുപുഴ വെള്ളിയാമറ്റം കൊള്ളിയിൽ അജേഷ് (39), പാലക്കാട് പെരിങ്ങോട്ടുകുറിശ്ശി ചൂരന്നൂർ നരിയിടകുണ്ടിൽ രാമചന്ദ്രൻ(57), തൊടുപുഴ കാഞ്ഞാർ ഞൊടിയപള്ളിൽ ജോമേഷ് (38) എന്നിവരെയാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസം 25നാണ് കേസിനാസ്‌പദമായ സംഭവം. അജേഷും സുഹൃത്തായ അഷ്‌റഫും സ്‌കൂട്ടറിൽ വൃദ്ധയുടെ വീട്ടിൽ എത്തി മാമ്പഴം ചോദിച്ച ശേഷം വീടിനുള്ളിലേക്ക് കയറിയ വൃദ്ധയെ ബലംപ്രയോഗിച്ച് ആറു വളകളും രണ്ടു മോതിരവും ബലമായി ഊരിയെടുത്ത് കടന്നു കളയുകയായിരുന്നു.

പരാതിയെ തുടർന്ന് പൊലീസ് കേസെടുത്ത് അഷ്‌റഫിനെയും സ്വർണ്ണം വിൽക്കാൻ സഹായിച്ച ലിബിൻ ബെന്നിയെയും പിടികൂടുകയും ചെയ്തിരുന്നു. തുടർന്ന് ഒളിവിൽ പോയ പ്രതികൾക്ക് വേണ്ടി നടത്തിയ തിരച്ചിലിൽ അജേഷിനെയും മറ്റൊരു പ്രതിയായ രാമചന്ദ്രനെയും തിരുപ്പതിയിൽ നിന്നും പിടികൂടി.

ഇവർ മോഷണത്തിനായി ഉപയോഗിച്ച സ്‌കൂട്ടറും മോഷ്ടിച്ചതായിരുന്നു.ഇവർ കുറച്ചുനാൾ മുമ്പ് ഉഴവൂർ പ്രദേശങ്ങളിൽ ക്യാൻസർ ചികിത്സാ ചാരിറ്റിയുടെ പേരിൽ പിരിവിന് ചെന്നിരുന്നു.

ഇത്തരത്തിലാണ് കവർച്ചയ്ക്കായി വീടുകൾ കണ്ടെത്തുന്നതെന്നും ഇവർ പൊലീസിനോട് പറഞ്ഞു. അജേഷിന്റെ പേരിൽ പാലക്കാട്, മീനാക്ഷിപുരം, ഒറ്റപ്പാലം, പള്ളിക്കത്തോട്, നടക്കാവ്, കാഞ്ഞാർ, കോയമ്പത്തൂർ തുടങ്ങിയ സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!