താമരശ്ശേരി: പത്തൊമ്പതുകാരിയെ സൗഹൃദം നടിച്ച് കാറില്‍ കയറ്റിക്കൊണ്ടു പോയി മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച ശേഷം താമരശ്ശേരി ചുരത്തില്‍ ഇറക്കിവിട്ട കേസിലെ പ്രതി പിടിയില്‍. കല്പറ്റ പുഴമുടി കടുമിടുക്കില്‍ വീട്ടില്‍ ജിനാഫി(32)നെയാണ് കോഴിക്കോട് റൂറല്‍ എസ്.പി. ആര്‍. കറപ്പസാമിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തത്.
തമിഴ്നാട് കോയമ്പത്തൂരിന് സമീപത്തെ ചേരന്‍നഗറില്‍വെച്ച് തിങ്കളാഴ്ച കസ്റ്റഡിയിലെടുത്ത ജിനാഫിനെ ചൊവ്വാഴ്ച രാവിലെ താമരശ്ശേരി പോലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.
അടുത്തിടെ മാത്രം പരിചയപ്പെട്ട കോളേജ് വിദ്യാര്‍ഥിനിയെയും കൊണ്ട് മേയ് 28-ന് ജിനാഫ് കാറില്‍ വയനാട്ടിലേക്ക് പോയിരുന്നു. മേയ് 30-ന് വീണ്ടും പേയിങ് ഗസ്റ്റായി താമസിക്കുന്ന കോളേജിന് സമീപത്തെ വീട്ടില്‍ നിന്ന് പെണ്‍കുട്ടിയെ ജിനാഫ് കാറില്‍ കയറ്റിക്കൊണ്ടുപോയി.
ഇതിനിടെ ഗള്‍ഫിലേക്ക് പോവുകയായിരുന്ന ഒരു സുഹൃത്തിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലിറക്കാനായി കാറില്‍ ഒപ്പംകൂട്ടി. സുഹൃത്തിനെ വിമാനത്താവളത്തിലിറക്കി മടങ്ങുന്ന വഴി കാറില്‍വെച്ചും പിന്നീട് ഒരു ലോഡ്ജില്‍ വെച്ചും ജിനാഫ് പെണ്‍കുട്ടിയെ ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ചെന്നാണ് മൊഴി.
ഒന്നാം തീയതി രാവിലെ പെണ്‍കുട്ടിയെ താമരശ്ശേരി ചുരത്തിലെ വ്യൂ പോയന്റിന് സമീപമിറക്കി ജിനാഫ് കടന്നുകളയുകയായിരുന്നു. അന്നു രാത്രി വയനാട്ടിലെ ഒരു റിസോര്‍ട്ടിലെത്തിയ ജിനാഫ് പോലീസ് അന്വേഷിക്കുന്ന വിവരമറിഞ്ഞ് മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്ത് ഒളിവില്‍പ്പോവുകയായിരുന്നു.
ഒരു ദിവസം വൈത്തിരിയിലെ വനപ്രദേശത്ത് കഴിഞ്ഞ ഇയാള്‍ മൂന്നാം തീയതി വടകരയില്‍ നിന്ന് ചെന്നൈയിലേക്ക് ട്രെയിന്‍ കയറി. അവിടെ നിന്ന് കോയമ്പത്തൂരിലെ ഒരു സുഹൃത്തിന്റെ താമസസ്ഥലത്തെത്തി ഒളിവില്‍ കഴിയുന്നതിനിടെയാണ് കഴിഞ്ഞ ദിവസം പോലീസിന്റെ പിടിയിലാവുന്നത്.
താമരശ്ശേരി ഡിവൈ.എസ്.പി അഷ്റഫ് തെങ്ങിലക്കണ്ടി, ഇന്‍സ്പെക്ടര്‍ എന്‍.കെ. സത്യനാഥന്‍, സ്പെഷ്യല്‍ സ്‌ക്വാഡ് എസ്.ഐ. രാജീവ് ബാബു, താമരശ്ശേരി എസ്.ഐ. വി.പി. അഖില്‍, എസ്.സി.പി.ഒ. എന്‍.എം. ജയരാജന്‍, സി.പി.ഒ. റീന, ഷൈജല്‍, മുക്കം എസ്.ഐ. കെ.എസ്. ജിതേഷ്, സി.പി.ഒ. വി.ആര്‍. ശോബിന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
പീഡനക്കേസില്‍ പിടിയിലായ യുവാവ് പന്തിരിക്കര ഇര്‍ഷാദ് വധക്കേസിലെ പ്രതി
താമരശ്ശേരി: പത്തൊമ്പതുകാരിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ ജിനാഫ് (32) സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വധക്കേസിലും പ്രതി. പന്തിരിക്കര സൂപ്പിക്കട കോഴിക്കുന്നുമ്മല്‍ ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയ കേസിലാണ് കഴിഞ്ഞ ഓഗസ്റ്റ് മൂന്നിന് ജിനാഫ് പിടിയിലാവുന്നത്.
ആദ്യഘട്ടത്തില്‍ ഏഴാം പ്രതിയാക്കി അറസ്റ്റുചെയ്ത ജിനാഫിനെ പിന്നീട് 11-ാം പ്രതിയാക്കിയാണ് അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. തട്ടിക്കൊണ്ടുപോകവെ ക്വട്ടേഷന്‍സംഘം പുഴയിലേക്ക് ചാടിച്ച ഇര്‍ഷാദ് പിന്നീട് മുങ്ങിമരിച്ചതോടെ പോലീസ് കൊലക്കുറ്റത്തിന് കേസെടുക്കുകയായിരുന്നു. അന്ന് വൈത്തിരി സ്വദേശി ഷഹീലിനൊപ്പം അറസ്റ്റിലായി പിന്നീട് റിമാന്‍ഡിലായ ജിനാഫ് നവംബര്‍ 22-ന് ജാമ്യത്തിലിറങ്ങുകയും ചെയ്തു.
ദുബായില്‍ നിന്ന് അനധികൃതമായി കടത്തിക്കൊണ്ടുവന്ന സ്വര്‍ണം കോഴിക്കോട് വിമാനത്താവളത്തില്‍വെച്ച് ഉടമകള്‍ക്ക് കൈമാറാതെ സുഹൃത്തിനെ ഏല്‍പ്പിച്ച ഇര്‍ഷാദ് വൈത്തിരിയിലെ ഒരു ലോഡ്ജില്‍ ഒളിവില്‍ക്കഴിയുകയായിരുന്നു. ഈ വിവരമറിഞ്ഞ് ലോഡ്ജിലെത്തിയ സംഘമാണ് ഇര്‍ഷാദിനെ തട്ടിക്കൊണ്ടു പോവുന്നത്.
വയനാട് ചുണ്ടേലിലുള്ള ഇറച്ചിക്കടയില്‍വെച്ച് ഗുഢാലോചന നടത്തിയ ജിനാഫ് ഉള്‍പ്പെട്ട സംഘം കഞ്ചാവ് നല്‍കാമെന്നു പറഞ്ഞ് പ്രലോഭിപ്പിച്ച് ഇര്‍ഷാദിനെ പുറത്തിറക്കി കടത്തുകയായിരുന്നു. വയനാട് ജില്ലയിലെ വിവിധ സ്ഥലങ്ങളിലും മൈസൂര്‍, ഗുണ്ടല്‍പേട്ട് തുടങ്ങിയടങ്ങളിലും തടങ്കലില്‍ പാര്‍പ്പിച്ച് ക്രൂരപീഡനത്തിനിരയാക്കിയ ഇര്‍ഷാദിനെ ക്വട്ടേഷന്‍ സംഘം കാറില്‍ കയറ്റിക്കൊണ്ടുപോകവെ പുറക്കാട്ടിരി പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിക്കുകയായിരുന്നു.
തിക്കോടി കോടിക്കല്‍ കടപ്പുറത്തു നിന്ന് കണ്ടെത്തിയ ഇര്‍ഷാദിന്റെ മൃതദേഹം, ദുരൂഹസാഹചര്യത്തില്‍ കാണാതായ മേപ്പയ്യൂര്‍ സ്വദേശി വടക്കേടത്തുകണ്ടി ദീപക്കിന്റേതെന്നു കരുതി സംസ്‌കരിച്ചിരുന്നു. പിന്നീട് ഡി.എന്‍.എ. പരിശോധനയിലാണ് മരണപ്പെട്ടത് ഇര്‍ഷാദാണെന്ന് വ്യക്തമായത്.