വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; സര്‍ക്കാര്‍ ഇടപെടുന്നു, മന്ത്രിമാര്‍ അമല്‍ജ്യോതി കോളജിലേക്ക്

Share our post

കോട്ടയം: കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എഞ്ചിനീയറിങ് കോളജില്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവം അന്വേഷിക്കാന്‍ രണ്ടംഗ സമിതിയെ നിയോഗിച്ച് സാങ്കേതിക സര്‍വകലാശാല.

സംഘം നാളെ കോളജില്‍ എത്തി തെളിവെടുപ്പ് നടത്തും. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവും സഹകരണ വകുപ്പ് മന്ത്രി വി. എന്‍. വാസവനും നാളെ കോളജിലെത്തി മാനേജ്‌മെന്റുമായും വിദ്യാര്‍ഥികളുമായും ചര്‍ച്ച നടത്തും.

രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി ശ്രദ്ധ ജീവനൊടുക്കാന്‍ കാരണം അധ്യാപകരുടെയും മാനേജ്‌മെന്റിന്റെയും മാനസ്സിക പീഡനമാണെന്ന് ആരോപിച്ച് വിദ്യാര്‍ഥികളും ബന്ധുക്കളും രംഗത്തുവന്നിരുന്നു. ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി നിന്ന നിലയില്‍ കണ്ടെത്തിയ ശ്രദ്ധയെ ആസ്പത്രിയില്‍ എത്തിക്കാന്‍ വൈകി എന്നു കുടുംബം ആരോപിച്ചിരുന്നു.

കോളജ് എച്ച്ഒഡിയും അധ്യാപകരും ഹോസ്റ്റല്‍ വാര്‍ഡനും ശ്രദ്ധയെ മാനസ്സികമായി തകര്‍ക്കുന്ന തരത്തിലാണ് പെരുമാറിയതെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു.

പ്രതിഷേധം കനത്ത സാഹചര്യത്തില്‍ ക്യാമ്പസ് അടയ്ക്കാനുള്ള മാനേജ്‌മെന്റ് തീരുമാനത്തിന് എതിരെ വിദ്യാര്‍ഥികള്‍ രംഗത്തെത്തി. കോളജില്‍ വിദ്യാര്‍ഥികളും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. പൊലീസ് ലാത്തിചാര്‍ജ് നടത്തിയെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു.

വിദ്യാര്‍ഥികളെ കോളജില്‍ പൂട്ടിയിട്ടുവെന്നും ഇന്റേര്‍ണല്‍ മാര്‍ക്ക് കുറയ്ക്കുമെന്ന് അധ്യാപകര്‍ ഭീഷണിപ്പെടുത്തിയെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു. യാതൊരു പ്രകോപനവുമില്ലാതെയാണ് പൊലീസ് തങ്ങള്‍ക്കു നേരെ കൈയേറ്റം നടത്തിയതെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!