തൊണ്ടിയിൽ സെക്ഷന് കീഴിലെ വൈദ്യുത തൂണുകളിൽ പരസ്യ ബോർഡുകൾ; നടപടിയെടുക്കാതെ അധികൃതർ

പേരാവൂർ: വൈദ്യുത തൂണുകളിൽ പരസ്യ ബോർഡുകൾ സ്ഥാപിക്കുന്നത് നിയമ ലംഘനമാണെങ്കിലും തൊണ്ടിയിൽ ഇലക്ട്രിക് സെക്ഷനിലെ തൂണുകൾ മുഴുവനും പരസ്യ ബോർഡുകൾ നിറഞ്ഞ നിലയിലാണ്. കൺമുന്നിൽ നടക്കുന്ന നിയമ ലംഘനത്തിനെതിരെ ചെറുവിരലനക്കാൻ പോലും കഴിയാത്തവരായി മാറുകയാണ് തൊണ്ടിയിൽ സെക്ഷനിലെ വൈദ്യുതി വകുപ്പധികൃതർ. പേരാവൂർ, തൊണ്ടിയിൽ, മണത്തണ, മുരിങ്ങോടി തുടങ്ങിയ ടൗണുകളിലെ മുഴുവൻ തൂണുകളിലും വഴിയോരങ്ങളിലെ പ്രധാനപ്പെട്ട തൂണുകളിലും നിരവധി പരസ്യ ബോർഡുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഫോൺ നമ്പർ സഹിതമുള്ള ബോർഡുകൾ സ്ഥാപിച്ചവർക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. മറ്റിടങ്ങളിൽ നിയമനടപടി സ്വീകരിക്കുന്നുണ്ടെങ്കിലും ഇതൊന്നും തങ്ങൾക്ക് ബാധകമല്ലെന്ന നിലപാടിലാണ് തൊണ്ടിയിൽ സെക്ഷനിലെ ഉദ്യോഗസ്ഥരും ജീവനക്കാരും.