കണ്ണൂർ: സ്കൂൾ വിദ്യാർഥികൾക്ക് ചുരുങ്ങിയ ചെലവിൽ ലഘുഭക്ഷണവും ഊണും സ്റ്റേഷനറിയും ഒരുക്കുന്ന സ്കൂൾ കഫെ ‘സ്കൂഫേ’ ജില്ലയിൽ ഈ മാസം 25 ഇടങ്ങളിൽ കൂടി യാഥാർഥ്യമാകും. ജില്ലതല ഉദ്ഘാടനം ചൊവ്വാഴ്ച ഉച്ചക്ക് മൂന്നിന് എടയന്നൂർ ഹയർ സെക്കൻഡറി സ്കൂളിൽ കെ.കെ. ശൈലജ എം.എൽ.എ നിർവഹിക്കും.
കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള ജനകീയ ഹോട്ടലിലെ 20 രൂപയുടെ ഉച്ചഭക്ഷണം ഇവിടെയെത്തിച്ച് കുട്ടികൾക്ക് വിതരണം ചെയ്യുന്നതാണ് പദ്ധതി. ഇതിനു പുറമെ കുട്ടികൾക്ക് അത്യാവശ്യമായ പേന, പെൻസിൽ, നോട്ട്ബുക്കുകൾ എന്നിവയും ‘സ്കൂഫേ’ യിൽ നിന്ന് ലഭിക്കും. ഓരോ സ്കൂളിലും ‘സ്കൂഫേ’ ഒരുക്കുന്നതോടെ രണ്ടു കുടുംബശ്രീ പ്രവർത്തകർക്ക് ജോലി ലഭിക്കും.
കഴിഞ്ഞ ഒക്ടോബറിൽ ആദ്യത്തെ ‘സ്കൂഫേ’ കുഞ്ഞിമംഗലം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ തുടങ്ങിയിരുന്നു. സ്കൂളിലെ നിലവിലെ സൗകര്യ ഉപയോഗപ്പെടുത്തിയായിരുന്നു ഇത് ആരംഭിച്ചത്. എന്നാൽ പുതുതായി വരുന്ന 25 സ്കൂളുകളിലും പ്രത്യേകം കിയോസ്കുകൾ ഒരുക്കിയാണ് പദ്ധതി ആരംഭിക്കുക.
25 തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിലെ ഹയർ സെക്കൻഡറി സ്കൂളുകളിലാണ് ‘സ്കൂഫേ’ യാഥാർഥ്യമാകുന്നത്. പദ്ധതിക്കായി ജില്ല പഞ്ചായത്തിന്റെ തനത് ഫണ്ടിൽനിന്ന് 20 ലക്ഷം കഴിഞ്ഞ വർഷം നീക്കിവെച്ചിരുന്നു. ഈ സാമ്പത്തിക വർഷം 36.5 ലക്ഷം കൂടി നീക്കിവെച്ചിട്ടുണ്ട്. രണ്ടാംഘട്ടത്തിൽ 30 ‘സ്കൂഫേ’ കൂടി ആരംഭിക്കുമെന്ന് കുടുംബശ്രീ മിഷൻ ജില്ല കോഓഡിനേറ്റർ ഡോ. എം. സുർജിത്ത് അറിയിച്ചു.
ജൂൺ 10നകം 12 സ്കൂളുകളിലും 20നകം 13 സ്കൂളുകളിലുമാണ് ‘സ്കൂഫേ’ ആരംഭിക്കുക. സ്കൂൾ കോമ്പൗണ്ടിൽ ഇതിനായി പ്രത്യേകം കിയോസ്കുകൾ ആരംഭിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
‘സ്കൂഫേ’യിലെ ഭക്ഷണങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്താനുള്ള നടപടിയും അധികൃതർ സ്വീകരിക്കും. സ്കൂൾ ഇടവേളകളിൽ കുട്ടികൾ പുറത്തുപോകുന്നത് ഒഴിവാക്കുകയെന്ന ലക്ഷ്യവും പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നുണ്ട്. സ്കൂൾ പരിസരങ്ങളിൽ ലഹരി മാഫിയ ശക്തമാകുന്ന സാഹചര്യത്തിൽ ഭക്ഷണത്തിനടക്കം കുട്ടികൾ പുറത്തുപോകുന്നത് ‘സ്കൂഫേ’ യാഥാർഥ്യമാകുന്നതോടെ ഒരുപരിധിവരെ ഒഴിവാക്കാനാകും.