കിളികൊല്ലൂര്‍ മര്‍ദനം: പോലീസുകാരുടെ സസ്പെന്ഷന് പിന്‍വലിച്ചു

കൊല്ലം: കിളികൊല്ലൂരില്‍ സൈനികനെയും സഹോദരനെയും മര്‍ദിച്ച സംഭവത്തില്‍ പോലീസുകാരുടെ സസ്പെന്ഷന് പിന്‍വലിച്ചു. സി.ഐ. കെ.വിനോദ്, എസ്.ഐ. എ.പി.അനീഷ്, എ.എസ്.ഐ പ്രകാശ് ചന്ദ്രന്, സി.പി.ഒ മണികണ്ഠന് പിള്ള എന്നിവരെയാണ് സര്‍വീസില്‍ തിരിച്ചെടുത്തത്.
ഉത്തരമേഖല ഐ.ജി. ജി.സ്പര്‍ജന്‍ കുമാറാണ് സസ്പെന്ഷന് പിന്‍വലിച്ച് ഉത്തരവിറക്കിയത്. എം.ഡി.എം.എ കേസുമായി ബന്ധപ്പെട്ട് അറസ്റ്റുചെയ്തവരെ സ്റ്റേഷനില്‍ കാണാനെത്തിയ സഹോദരങ്ങളെ പോലീസുകാര്‍ മര്‍ദിക്കുകയായിരുന്നു.
സ്റ്റേഷനിലെ പാര്‍ക്കിംഗുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ പേരിലാണ് സൈനികനായ വിഷ്ണുവിനെയും സഹോദരന് വിഘ്നേഷിനെയും മര്‍ദനത്തിനിരയാക്കിയത്.
പോലീസിനെ മര്‍ദിച്ചെന്ന പേരില്‍ ഇവര്‍ക്കെതിരെ കള്ളക്കേസുണ്ടാക്കി 12 ദിവസം ജയിലിലടച്ചിരുന്നു. പിന്നീട് നടന്ന അന്വേഷണത്തില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ നാലു പൊലീസുകാരെയാണ് സസ്പെന്‍ഡ് ചെയ്തത്.