പഞ്ചായത്ത് ഓഫീസിന് ജനകീയ ഫണ്ട് ശേഖരണം

തലശ്ശേരി: എരഞ്ഞോളി ഗ്രാമ പഞ്ചായത്തോഫീസിന് സ്ഥലമെടുക്കാൻ ജനകീയ ഫണ്ട് സമാഹരണം തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് എം.പി. ശ്രീഷ ഉദ്ഘാടനം ചെയ്തു. പതിനാറ് വാർഡുകൾ കേന്ദ്രീകരിച്ച് സ്‌ക്വാഡുകളായാണ് ഫണ്ട് ശേഖരണം.
മുഴുവൻ വീടുകളും സ്ഥാപനങ്ങളും കയറി ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകരും ചേർന്ന് ധനസമാഹരണം തുടങ്ങി.
പെരുന്താറ്റിൽ ടൗണിൽ 31.5 സെന്റ് സ്ഥലമാണ് പഞ്ചായത്തോഫീസിനായി വിലയ്ക്ക് വാങ്ങുന്നത്. ഒരു കോടിയിലേറെ രൂപ ഇതിന് ആവശ്യമാണ്.
40 ലക്ഷം രൂപയാണ് ജനകീയമായി സമാഹരിക്കുക. ബാക്കി തുക പഞ്ചായത്ത് വഹിക്കും. സ്ഥലമെടുക്കാനുള്ള പഞ്ചായത്ത് ഭരണസമിതി തീരുമാനത്തിനൊപ്പം നാടാകെ ഒറ്റ മനസ്സായാണ് നിൽക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ശ്രീഷ പറഞ്ഞു