ബ്ലോക്ക്‌ പ്രസിഡന്റ്‌ ലിസ്‌റ്റിൽ എ ഗ്രൂപ്പിനെ വെട്ടി; കോൺഗ്രസിൽ കലാപം

Share our post

കണ്ണൂർ : ജില്ലയിൽ ബ്ലോക്ക്‌ പ്രസിഡന്റുമാരെ നിയമിച്ചതിന് പിന്നാലെ കോൺഗ്രസിൽ കലാപക്കൊടി. കിട്ടിയ ബ്ലോക്ക്‌ പ്രസിഡന്റ്‌ സ്ഥാനം ഏറ്റെടുക്കേണ്ടെന്നാണ്‌ എ ഗ്രൂപ്പ്‌ തീരുമാനം. ഡി.സി.സിയും കെ.പി.സി.സി.യും തീരുമാനിക്കുന്ന പ്രവർത്തനങ്ങളിൽനിന്ന്‌ മാറിനിൽക്കാനും ഇവർ തീരുമാനിച്ചിട്ടുണ്ട്‌. പട്ടിക മരവിപ്പിക്കുന്നില്ലെങ്കിൽ പരസ്യ എതിർപ്പുമായി രംഗത്തിറങ്ങാനാണ്‌ ശനിയാഴ്‌ച ചേർന്ന എ ഗ്രൂപ്പ്‌ യോഗ തീരുമാനം. 

23 ബ്ലോക്ക്‌ പ്രസിഡന്റുമാരെയാണ്‌ നിയമിച്ചത്‌. ഇതിൽ 15 എണ്ണം സുധാകരവിഭാഗത്തിനാണ്‌. അഞ്ച്‌ ബ്ലോക്കുകളിലാണ്‌ എ ഗ്രൂപ്പിന്‌ പ്രസിഡന്റുമാരുള്ളത്‌. പേരാവൂർ, അഴീക്കോട്‌, കൊളച്ചേരി, ശ്രീകണ്ഠപുരം, പയ്യന്നൂർ എന്നിവയാണിവ. നേരത്തെ എട്ട്‌ ബ്ലോക്ക്‌ എ ഗ്രൂപ്പിനുണ്ടായിരുന്നു. സമവായകമ്മിറ്റി തീരുമാനം കാറ്റിൽപ്പറത്തിയാണ്‌ കെ.പി.സി.സി പ്രസിഡന്റ്‌ കെ. സുധാകരൻ എ ഗ്രൂപ്പിനെ വെട്ടിയതെന്നാണ്‌ പൊതുവികാരം. 

കെ.പി.സി.സി ജനറൽ സെക്രട്ടറി സോണി സെബാസ്‌റ്റ്യന്റെ നേതൃത്വത്തിൽ ചേർന്ന യോഗമാണ്‌ അഞ്ച്‌ ബ്ലോക്കുകളിലും പുതുതായി നിയമിച്ച പ്രസിഡന്റുമാരോട്‌ ചുമതലയേറ്റെടുക്കേണ്ടെന്ന്‌ നിർദേശിച്ചത്‌. ചന്ദ്രൻ തില്ലങ്കേരി, മുഹമ്മദ്‌ ബ്ലാത്തൂർ തുടങ്ങി ജില്ലയിലെ പ്രധാന എ ഗ്രൂപ്പ്‌ നേതാക്കളെല്ലാം യോഗത്തിൽ പങ്കെടുത്തു. കാൽനൂറ്റാണ്ടായി എ ഗ്രൂപ്പിന്റെ കൈയിലുള്ള തളിപ്പറമ്പ്‌ ബ്ലോക്കിൽ എ ഗ്രൂപ്പ്‌ നൽകിയ പേര്‌ വെട്ടിയാണ്‌ സരസ്വതിയെ പ്രസിഡന്റാക്കിയത്‌. 

പേരാവൂരിൽ തങ്ങൾക്കൊപ്പമുള്ളയാളാണെങ്കിലും ജൂബിലി ചാക്കോയെ പ്രസിഡന്റാക്കിയതും എ ഗ്രൂപ്പിന്‌ ദഹിച്ചിട്ടില്ല. ഇതിനുപിന്നിൽ ഗ്രൂപ്പിനുള്ളിൽ വിള്ളലുണ്ടാക്കാനുള്ള സുധാകരന്റെ തന്ത്രമാണോയെന്നും ചിലർ യോഗത്തിൽ സംശയമുന്നയിച്ചു. കൂത്തുപറമ്പിലും എ ഗ്രൂപ്പ്‌ നിശ്‌ചയിച്ചയാളുടെ പേര്‌ വെട്ടി. കണ്ണൂരിൽ ബ്ലോക്കിലോ മണ്ഡലത്തിലോ അല്ലാത്തയാളെ നിയമിച്ചതിനെതിരെയും പ്രതിഷേധമുയർന്നിട്ടുണ്ട്‌. പി കെ രാഗേഷിന്റെ അനുയായിയായിരുന്ന കായക്കൂൽ രാഹുലിനെയാണ്‌ കണ്ണൂരിൽ പ്രസിഡന്റാക്കിയത്‌. പി കെ രാഗേഷിന്റെ അടുത്ത അനുയായിയായിരുന്ന ഇയാൾ കൂറുമാറി സുധാകരനൊപ്പം ചേർന്നതിന്റെ പ്രതിഫലമായിരുന്നു അഴീക്കോട്‌ സ്വദേശിയായ രാഹുലിന്റെ കണ്ണൂർ ബ്ലോക്ക്‌ പ്രസിഡന്റ്‌ സ്ഥാനം. 

സമവായ കമ്മിറ്റിയുമായി ഇനി സഹകരിക്കേണ്ടന്നാണ്‌ എ ഗ്രൂപ്പ്‌ നേതാക്കളുടെ തീരുമാനം. ഏകപക്ഷീയമായി പേര്‌ നിർദേശിച്ച ബ്ലോക്കുകളിൽ പോലും കെപിസിസി പ്രസിഡന്റിന്‌ താൽപര്യമുള്ളവരുടെ പേരാണ്‌ വന്നതെന്നും ഇവർ തുറന്നടിക്കുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!