കാഴ്‌ചയുടെ വിരുന്നൊരുക്കാൻ ഇരിട്ടിയിൽ ഗ്രീൻ പാർക്കൊരുങ്ങുന്നു

ഇരിട്ടി : പൂക്കളും ചെടികളും കുഞ്ഞുവൃക്ഷങ്ങളും ഇഴചേർന്ന് ഇരിട്ടി പുഴയോരത്ത് ഗ്രീൻ പാർക്ക് ഒരുങ്ങുന്നു. തലശേരി –വളവുപാറ കെ.എസ്.ടി.പി റോഡ്
വികസനത്തിന്റെ ഭാഗമായി നിർമിച്ച ഇരിട്ടി പുതിയ പാലം പരിസരത്തെ ചരിവിൽ പുഴയുടെ തീരം ഉപയോഗപ്പെടുത്തിയാണ് ഉദ്യാനമൊരുങ്ങുന്നത്. പാലം നിർമാണത്തിനുവേണ്ടി കെട്ടി ഉയർത്തിയ മൺതിട്ടയിൽ പച്ചപ്പുല്ല് വിരിച്ച് മോടി പിടിപ്പിച്ചശേഷമാണ് ഇടവിട്ട് പൂച്ചെടികളും വച്ചുപിടിപ്പിച്ചത്.
പുഴയിറമ്പുവരെ നീളുന്ന സ്ഥലം ഉപയോഗപ്പെടുത്തി ഇരുമ്പ് കൈവരികളും തൂണുകളും സ്ഥാപിച്ച് സ്ഥലം സുരക്ഷിതമാക്കിയശേഷമാണ് ഉദ്യാനം നിർമിക്കുന്നത്. പാലം പരിസരത്തെ ഈ ഒഴിഞ്ഞ സ്ഥലം മാലിന്യങ്ങൾ വലിച്ചെറിഞ്ഞും മണ്ണും കല്ലും ചെളിയും നിറഞ്ഞും വൃത്തീഹീനമായിരുന്നു. പായം പഞ്ചായത്തിന്റെ നേതൃത്വത്തിൽ ശുചീകരണം നടത്തിയ ഘട്ടത്തിലാണ് സ്ഥലം സൗന്ദര്യവൽകരിച്ച് മലിനീകരണം തടയാൻ പദ്ധതി ആലോചിച്ചത്. ഇരിട്ടി ഗ്രീൻ ലീഫ് അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റി ഉദ്യാന നിർമാണ ചുമതല ഏറ്റെടുത്തു. പി.പി. രജീഷിന്റെ രൂപകൽപ്പനയിലാണ് പാർക്ക് നിർമാണം പൂർത്തിയാവുന്നത്.
ജലസേചനത്തിന് പമ്പിങ് മോട്ടോർ പ്രവർത്തിപ്പിക്കാനും ഉദ്യാനത്തിൽ എൽഇഡി പ്രകാശവലയം ഒരുക്കാനും വൈദ്യുതീകരണവും നടക്കുന്നു. ഒരാഴ്‌ചയ്‌ക്കകം നിർമാണം പൂർത്തീകരിച്ച് പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഉദ്യാനം ഉദ്‌ഘാടനം ചെയ്യാനാണ് നീക്കം. പുഴയും പഴയതും പുതിയതുമായ രണ്ട് പാലങ്ങളും തലശേരി–വളവുപാറ അന്തർ സംസ്ഥാന റോഡും ഇരിട്ടി– തളിപ്പറമ്പ് സംസ്ഥാന ഹൈവേയും ഒറ്റ ഫ്രെയിമിൽ കിട്ടുന്നരീതിയിലാണ് ഉദ്യാനം ഒരുങ്ങുന്നത്. ഇരിപ്പിടം കൂടിയൊരുക്കിയാൽ ആളുകൾക്ക് പ്രകൃതി ഭംഗി നുകർന്ന് ഇരിട്ടി പുഴയുടെ തീരത്തൊരു വിനോദ സഞ്ചാര കേന്ദ്രമായി പുതിയ പാർക്ക് ഉപയോഗപ്പെടുത്താം.