അത്‌ലറ്റിക്സ് പരിശീലകൻ ജോസ് മാത്യു വിരമിച്ചു

Share our post

കണ്ണൂർ : ഇന്ത്യൻ അത്‍ലറ്റിക്സിന് ശ്രദ്ധേയമായ സംഭാവനകൾ നൽകിയ പരിശീലകൻ ജോസ് മാത്യു സർവീസിൽനിന്നു വിരമിച്ചു. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) തലശ്ശേരി സെന്ററിൽ നിന്നാണ് സ്ഥാനം ഒഴിയുന്നത്.

കുടിയാന്മല സ്വദേശിയാണ്. ലോങ് ജംപ്, ട്രിപ്പിൾ ജംപ് ഇനങ്ങളിലെ സ്പെഷലിസ്റ്റ് കോച്ച് കൂടിയാണ് ജോസ് മാത്യു. 20 രാജ്യാന്തര താരങ്ങളെയും 70ൽ പരം ദേശീയ താരങ്ങളെയും സംഭാവന ചെയ്തു. 2000ൽ തിരുവനന്തപുരത്ത് നടന്ന ദേശീയ സ്കൂൾ ഗെയിംസിൽ അസം സ്വദേശി ബീനിത സേനോവാൾ ലോങ് ജംപിൽ 15 വർഷം പഴക്കമുള്ള ദേശീയ റിക്കോർഡ് മറികടന്നപ്പോഴാണ് ജോസ് മാത്യു എന്ന പരിശീലകനെ കായികകേരളം ശ്രദ്ധിക്കുന്നത്.

1994 മുതൽ സായി നോർത്ത് ഈസ്റ്റേൺ സെന്ററായ ഗുവാഹത്തിയിൽ അത്‍ലറ്റിക്സ് പരിശീലകനായിരുന്നു.2001 ജനുവരിയിൽ തലശ്ശേരി സായി സെന്ററിൽ ചേർന്നു. ഈ കാലത്തു കണ്ണൂർ സർവകലാശാലയെ ദേശീയ സർവകലാശാലാ അത്‍ലറ്റിക്സ് ചാംപ്യൻമാരാക്കി.

കേരളത്തിന്റെ ജൂനിയർ ടീമിനെ പല തവണ വിക്ടറി സ്റ്റാൻഡിൽ എത്തിച്ചു. 2008ൽ ദേശീയ ഗെയിംസിൽ കേരള ടീമിന്റെ പരിശീലകനായി. 2010ൽ ന്യൂഡൽഹി കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ പരിശീലകനായി. മയൂഖ ജോണി 2011 വരെ ജോസ് മാത്യുവിന്റെ ശിഷ്യയായിരുന്നു.

ഏഷ്യൻ ഗെയിംസ് മെഡലിസ്റ്റ് വി.നീന, ഏഷ്യൻ ചാംപ്യൻഷിപ്പ് മെഡലിസ്റ്റ് നയന ജയിംസ്, സാഫ് ഗെയിംസ് മെഡലിസ്റ്റ് വി.ഡി.ഷിജില എന്നിവരും ശിഷ്യരിൽ പെടുന്നു. ബീന ജോസ് ആണു ജോസ് മാത്യുവിന്റെ ഭാര്യ. മകൾ ഒലീവിയ ജോസ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!