ക്യാമറ പിടികൂടിയാൽ അപ്പീലിന് 14 ദിവസം

Share our post

തിരുവനന്തപുരം : ഗതാഗത നിയമലംഘനത്തിന് റോഡ് ക്യാമറയിൽ കുടുങ്ങി പിഴയടക്കാൻ നോട്ടിസ് ലഭിക്കുന്നവർക്ക് അപ്പീലിന് 14 ദിവസം അനുവദിച്ചത് വാഹനനമ്പർ ദുരുപയോഗം എന്ന സാധ്യത മുന്നിൽകണ്ടാണ്. ഒരാളെ ഉപദ്രവിക്കാൻ അയാളുടെ വാഹനനമ്പർ എഴുതി മറ്റൊരു വണ്ടിയിൽ ഘടിപ്പിച്ചു ഗതാഗതലംഘനം നടത്തിയാൽ പിഴ നോട്ടിസ് വണ്ടിയുടമയുടെ വീട്ടിലെത്തും. തന്റെ വാഹനം അതുവഴി പോയിട്ടില്ലെന്നോ ഗതാഗത നിയമലംഘനം ഉണ്ടായിട്ടില്ലെന്നോ ബോധ്യമുണ്ടെങ്കിൽ അപ്പീൽ നൽകാം. ജില്ലാ എൻഫോഴ്സ്മെന്റ് അതോറിറ്റിക്ക് പരാതി നൽകാം. കൺട്രോൾ റൂമിലെ ദൃശ്യങ്ങൾ നേരിട്ട് പരിശോധിച്ച് ബോധ്യപ്പെടാനാകും. കുറ്റം ചെയ്തിട്ടില്ലെന്ന് ഉറപ്പായാൽ അപ്പോൾ തന്നെ പിഴ നോട്ടീസ് റദ്ദാക്കാൻ ജില്ലാ എൻഫോഴ്സ്മെന്റ് ആർ.ടി.ഒയ്ക്ക് അധികാരമുണ്ട്.  

അതീവസുരക്ഷാ നമ്പർ പ്ലേറ്റ് വാഹനങ്ങളിൽ ഘടിപ്പിക്കണമെന്ന കേന്ദ്രനിർദേശം ഉണ്ടെങ്കിലും കേരളത്തിൽ ഇത് പുതുതായി രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങളിൽ മാത്രമേ നിർബന്ധമാക്കിയിട്ടുള്ളൂ. ഓൺലൈൻ വഴി അപ്പീൽ നൽകാനുള്ള സംവിധാനം 2 മാസത്തിനുള്ളിൽ നിലവിൽ വരും. 

എസ് എം.എസ്സും നോട്ടീസു വരും 

ഗതാഗതലംഘനം കണ്ടെത്തിയാൽ മൊബൈലിലേക്ക് എസ് എം.എസ്സിന് പുറമേ വീട്ടിലേക്ക് നോട്ടിസ് അയക്കും. റോഡ് ക്യാമറ സംവിധാനത്തിൽ പിഴ നോട്ടീസ് ലഭിച്ചാൽ ഓൺലൈൻ വഴിയും ആർ.ടി ഓഫീസുകളിൽ നേരിട്ടെത്തിയും പിഴ അടക്കാം. പിഴ അടക്കാതെ പതിവായി ഗതാഗത ലംഘനത്തിന് ക്യാമറയിൽ കുടുങ്ങുന്ന വാഹനങ്ങളെ വിലക്കുപട്ടികയിൽ പെടുത്തും.

പിഴ നിശ്ചയിക്കുന്നത് വെർച്വൽ കോടതി

സിഗ്നൽ തെറ്റിക്കുന്ന വാഹനങ്ങൾക്കുള്ള പിഴ നിശ്ചയിക്കുന്നത് മോട്ടർ വാഹന വകുപ്പ് ക്രമീകരിച്ചിരിക്കുന്ന വെർച്വൽ കോടതിയാണ്. കൊച്ചിയിലാണ് വെർച്വൽ കോടതി പ്രവർത്തിക്കുന്നത്. 

ആർക്കും ഇളവില്ല

ഗതാഗതമന്ത്രിയായ തന്റെ വണ്ടിക്കും പിഴ അടിച്ചിട്ടുണ്ടെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. തന്റെ പേരിലുള്ള കാർ മകൻ ഉപയോഗിച്ച ദിവസം നഗരത്തിൽ അരിസ്റ്റോ ജംക്‌ഷനിൽ അനധികൃത പാർക്കിങ്ങിനായിരുന്നു പിഴ അടക്കേണ്ടി വന്നത്. നിയമം എല്ലാവർക്കും ഒരു പോലെയാണെന്നും വി.ഐ.പി വാഹനങ്ങൾക്ക് പിഴയിളവ് ഇല്ലെന്നും മന്ത്രി പറഞ്ഞു. അഴിമതി ആരോപണം ഉന്നയിക്കുന്നത് പ്രതിപക്ഷ നേതാവും മുൻ പ്രതിപക്ഷ നേതാവും തമ്മിലുള്ള മൂപ്പിളമത്തർക്കത്തിന്റെ ഭാഗമാണ്.

എമർജൻസിക്ക് പിഴയില്ല

എമർജൻസി വാഹനങ്ങൾക്ക് പിഴ ഈടാക്കില്ല. പൊലീസ്, ആംബുലൻസ്, ഫയർഫോഴ്സ്, ദുരന്തനിവാരണ വിഭാഗം എന്നിവരുടെ വാഹനങ്ങൾക്കാണ് ഇളവ്. മന്ത്രിവാഹനങ്ങൾ അത്യാവശ്യമായി കടന്നുപോകേണ്ടതുണ്ടെങ്കിൽ അതിനുമുന്നിൽ പൊലീസിന്റെ പൈലറ്റ് വാഹനം ഉണ്ടാകും. ഈ സാഹചര്യത്തിൽ പിഴ ഈടാക്കില്ല.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!