സുനാമി കോളനിയിൽ വാട്ടർ കണക്ഷനുണ്ട്,ബില്ലിനും കുറവില്ല: കുടിവെള്ളം ചുമന്നേ പറ്റു

പഴയങ്ങാടി: മാടായി പഞ്ചായത്തിലെ പുതിയങ്ങാടി,പുതിയവളപ്പ് ,ചൂട്ടാട്,ബീച്ച് റോഡ് എന്നിവിടങ്ങളിലെ സുനാമിദുരിതബാധിതരായ കുടുംബങ്ങൾക്കായി ചൂട്ടാട് ഏരിപ്രത്ത് സർക്കാർ നിർമ്മിച്ച ഫ്ളാറ്റിൽ കുടിവെള്ളമില്ലാതെ താമസക്കാർ പൊറുതികെട്ടു.
ഏഴായിരം രൂപ മുടക്കിയാണ് ജപ്പാൻ കുടിവെള്ള കണക്ഷൻ എടുത്ത കുടുംബങ്ങൾ മാസങ്ങളായി തലച്ചുമടായി ദൂരെ നിന്നാണ് വെള്ളം എത്തിക്കുന്നത്.ഒരു കുടുംബത്തിന് ദിവസവും ഒരു ബക്കറ്റ് വെള്ളമാണ് പൈപ്പ് ലൈനിൽ നിന്നും നേരത്തെ കിട്ടിയിരുന്നത് എന്നാൽ അതുംമാസങ്ങളായി നിലച്ച മട്ടാണ്.
വെള്ളമില്ലെങ്കിലും വാട്ടർ അതോറിറ്റിയുടെ ബില്ല് കൃത്യമായി എത്തുന്നുവെന്ന് ഇവിടുത്തുകാർ പറയുന്നു . കഴിഞ്ഞ മാസം പുതിയങ്ങാടിയിൽ തീരസദസ്സിൽ പങ്കെടുത്ത ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ കോളനിയിലെ കുടിവെള്ള പ്രശ്നങ്ങൾക്ക് ഉടനടി പരിഹാരം ഉണ്ടാകുമെന്ന് വാഗ്ദാനം നൽകിയിരുന്നെങ്കിലും ഫലം കണ്ടില്ല.
വിഷയങ്ങൾ ശ്രദ്ധയിൽപെടുത്താൻ ചുമതലപ്പെട്ട വാർഡ് മെമ്പർ കണ്ട ഭാവം നടക്കുന്നില്ലെന്ന പരാതിയും കോളനിനിവാസികൾക്കുണ്ട്.മാടായി പഞ്ചായത്തിലെ 17ാം വാർഡിലാണ് ജലദൗർലഭ്യം നേരിടുന്ന സുനാമി കോളനി. തൊട്ടടുത്ത പതിനെട്ടാം വാർഡിലും കുടിവെള്ളക്ഷാമം രൂക്ഷമാണ്.
കോളനിയിൽ പൊതുകിണർ സ്ഥാപിക്കാമെന്ന വാഗ്ദാനവും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല.പഞ്ചായത്തും വാട്ടർ അതോറിറ്റിയുമാണ് തങ്ങളുടെ ദുരിതത്തിന് കാരണക്കാരെന്നാണ് ഇവിടുത്തുകാരുടെ ആരോപണം.മൂന്നു നിലകളിൽ നാൽപത് കുടുംബങ്ങൾമൂന്ന് നിലകളിലായി പണിത ഫ്ലാറ്റിൽ 40 കുടുംബങ്ങൾക്കാണ് താമസ സൗകര്യം ഒരുക്കിയത്. ദുരിതകാലത്ത് ഫ്ലാറ്റ് ലഭിച്ചപ്പോൾ തന്നെ ഇവർ താമസം തുടങ്ങി. എന്നാൽ അസൗകര്യം മൂലം പതിയെ ഫ്ലാറ്റിലെ ജീവിതം ദുരിതപൂർണമായി.
ജലദൗർലഭ്യമായിരുന്നു വില്ലൻ. ഭക്ഷണം പാകം ചെയ്യാനും അലക്കാനും കുളിക്കാനും വരെ പ്രയാസമാണ്. ഫ്ലാറ്റ് നൽകിയതിന് ശേഷം അധികൃതർ തിരിഞ്ഞു നോക്കിയില്ലെന്ന് ഇവർ പറയുന്നു. ഇതിന് ശേഷം അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ ഫ്ലാറ്റിന്റെ പലഭാഗത്തും വിളളലുണ്ട്. സൺഷേഡ് പലതും പൊട്ടി താഴെ വീണുതുടങ്ങി. താമസക്കാരിൽ ഏറെയും മത്സ്യത്തൊഴിലാളികളാണ്.
അടിസ്ഥാനമായി വേണ്ട കുടിവെള്ളമോ അടുപ്പോ ഇവിടെ ഇല്ല .മഴ വന്നാൽ പാചകമില്ലനിന്നു തിരിയാൻ ഇടമില്ലാത്ത മുറികളും അടുക്കളയും വരാന്തയും ഒരു കുളിമുറിയും ഉള്ള ഫ്‌ളാറ്റിൽ രണ്ട് കുടുംബങ്ങൾ വരെ താമസിക്കുന്നു.
ഗ്യാസ് സിലിണ്ടർ തീർന്നാൽ പുറത്ത് അടുപ്പ്കൂട്ടണം. മഴ ഉണ്ടായാൽ പാചകം സാധിക്കില്ല. ഇലക്ഷൻ കാലമൊഴിച്ചാൽ രാഷ്ട്രീയപ്രവർത്തകരോ ജനപ്രതിനിധികളോ തിരിഞ്ഞ് നോക്കാറു പോലുമില്ലെന്ന് താമസക്കാർ പറയുന്നു.കടുത്ത കുടിവെള്ളക്ഷാമം സന്നദ്ധസംഘടനാപ്രവർത്തകരും കണ്ട മട്ട് നടിക്കുന്നില്ലെന്നും ഇവർക്ക് പരാതിയുണ്ട്.