ഡ്രൈവിങ് ലൈസന്‍സ് സേവനം താറുമാറായിട്ട് നാലുദിവസം; കേന്ദ്രത്തിന്റെ കുഴപ്പമെന്ന് എം.വി.ഡി

Share our post

തിരുവനന്തപുരം :സംസ്ഥാനത്തെ ഡ്രൈവിങ് ലൈസന്‍സ് സേവനങ്ങള്‍ നിശ്ചലമായി നാലുദിവസം കഴിഞ്ഞിട്ടും മോട്ടോര്‍വാഹനവകുപ്പ് പരിഹാരം കാണുന്നില്ല.

ഡ്രൈവിങ് ലൈസന്‍സ് വിതരണ ഓണ്‍ലൈന്‍സംവിധാനമായ ‘സാരഥി’യാണ് പണിമുടക്കിയത്. ഇതോടെ വിവിധ ആവശ്യങ്ങള്‍ക്കുള്ള ഫീസ് അടയ്ക്കാനോ അപേക്ഷ പൂര്‍ത്തിയാക്കാനോ കഴിയാത്ത അവസ്ഥയാണ്. ഓണ്‍ലൈനില്‍ ഫീസ് സ്വീകരിക്കുന്നുണ്ടെങ്കിലും ട്രഷറി അക്കൗണ്ടില്‍ എത്തുന്നില്ല.

രേഖകള്‍ പൂര്‍ണമല്ലെന്ന കാരണത്താല്‍ ഓണ്‍ലൈന്‍ അപേക്ഷകള്‍ നിരസിക്കപ്പെടുകയുമാണ്. കാല്‍ലക്ഷത്തോളം അപേക്ഷകള്‍ ഇങ്ങനെ കുടുങ്ങിക്കിടക്കുകയാണ്.

ലൈസന്‍സ് കാലാവധി തീര്‍ന്നതടക്കം ദിവസങ്ങള്‍ കഴിയും തോറും പിഴ ഉയരാന്‍ സാധ്യതയുള്ള അപേക്ഷകളും ഇക്കൂട്ടത്തിലുണ്ട്. തകരാര്‍ ഉണ്ടാകുമ്പോഴേല്ലാം കേന്ദ്രത്തെ പഴിചാരി കൈയൊഴിയുന്ന പതിവ് ഇത്തവണയും മോട്ടോര്‍വാഹനവകുപ്പ് തുടരുകയാണ്.

പ്രശ്‌നം പരിഹരിക്കാന്‍ കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന മറുപടിയാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറേറ്റില്‍നിന്നും ലഭിക്കുന്നത്. കേന്ദ്ര ഉപരിതലമന്ത്രാലയത്തിന്റെ നിയന്ത്രണത്തിലാണ് വാഹന്‍-സാരഥി സോഫ്റ്റ് വെയർ. നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിനാണ് പരിപാലനച്ചുമതല.

സംസ്ഥാനത്തിന് ആവശ്യമായ മാറ്റങ്ങള്‍വരുത്താനും സോഫ്റ്റ്വേറിലെ സാങ്കേതിക പോരായ്മകള്‍ പരിഹരിക്കാനും മന്ത്രി ആന്റണി രാജു ഇടപെട്ട് ഏപ്രിലില്‍ യോഗം വിളിച്ചിരുന്നു.

തുടര്‍നടപടികള്‍ക്ക് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തി. അധികൃതരുടെ ശ്രദ്ധ എ.ഐ. ക്യാമറയിലേക്ക് തിരിഞ്ഞതോടെ സോഫ്റ്റ് വെയർ പഴയപടി തകരാറിലായി.

‘വാഹന്‍’ വീണ്ടും കണക്ക് പിഴയ്ക്കുന്നു

‘വാഹന്‍’ സോഫ്റ്റ് വെയറില്‍ വാഹനങ്ങളുടെ ഉടമസ്ഥാവകാശം മാറ്റാനുള്ള അപേക്ഷകളില്‍ മാറ്റംവരുത്തിയതോടെ ഫീസില്‍ കൃത്യതയില്ലാതായി. ഓരോ അപേക്ഷയ്ക്കും വ്യത്യസ്തനിരക്കാണ് ഈടാക്കുന്നത്. വില്‍ക്കുന്നയാള്‍ ഓണ്‍ലൈന്‍ അപേക്ഷ പൂരിപ്പിച്ചശേഷം സേവ് ചെയ്യണം.

വാങ്ങുന്നയാള്‍ ആപ്ലിക്കേഷന്‍ നമ്പര്‍ ഉപയോഗിച്ച് അപേക്ഷ വീണ്ടും പൂര്‍ത്തീകരിക്കണം. മുന്‍പരിചയം ഉള്ളവര്‍ക്ക് മാത്രമേ അപേക്ഷ നല്‍കാന്‍ കഴിയുകയുള്ളൂ. ഇത് ഇടനിലക്കാര്‍ മുതലെടുക്കുകയാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!