എ.ഐ ക്യാമറ തിങ്കളാ‍ഴ്ച മുതല്‍ പണി തുടങ്ങുന്നു; പിഴത്തുക അടക്കാതിരുന്നാൽ നടപടി എന്ത്?

Share our post

 തിരുവനന്തപുരം:ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ക്യാമറ വഴി തിങ്കളാഴ്ച മുതല്‍ പിഴ ഈടാക്കിത്തുടങ്ങും. ക്യാമറയുടെ പ്രവര്‍ത്തനം പരിശോധിക്കുന്ന സാങ്കേതികസമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറും.

ഇതിനായുള്ള നടപടികള്‍ ഗതാഗതവകുപ്പ് പൂര്‍ത്തിയാക്കി. ഏപ്രില്‍ 19നാണ് സംസ്ഥാനത്ത് എ.ഐ ക്യാമറ നിരീക്ഷണം ആരംഭിച്ചത്. ആദ്യം ഘട്ടത്തില്‍ ദിനവും നാലരലക്ഷത്തോളം നിയമലംഘനങ്ങള്‍ ക്യാമറയില്‍ തെളിഞ്ഞെങ്കിലും പിന്നീട് കുറഞ്ഞു.

സംസ്ഥാനത്ത് ആകെ 726 ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ്, അപകടം ഉണ്ടാക്കി നിര്‍ത്താതെ പോകല്‍ എന്നിവ പിടിക്കാന്‍ 675 ക്യാമറകളും സിഗ്‌നല്‍ ലംഘിച്ച് പോയി കഴിഞ്ഞാല്‍ പിടികൂടാന്‍ 18 ക്യാമറകളുമാണ് ഉള്ളത്.

നിയമലംഘനം നടന്ന് ആറ് മണിക്കുറിനുള്ളില്‍ വാഹന ഉടമയ്ക്ക് സന്ദേശം ലഭിക്കും. പിന്നീട് ഉടമയുടെ അഡ്രസില്‍ രജിസ്്‌ട്രേഡ് കത്ത് വരും. പിഴ അടച്ചില്ലെങ്കില്‍ ടാക്‌സ് അടക്കുമ്പോഴും വാഹനം കൈമാറ്റും ചെയ്യുമ്പോഴും പിഴത്തുക അടയ്‌ക്കേണ്ടി വരും. ഒരു ദിവസം ഒന്നിലധികം തവണ നിയമം ലംഘിച്ചാല്‍ അത്രയധികം തവണ പിഴയടക്കേണ്ടി വരും.

അനധികൃത പാര്‍ക്കിങ് കണ്ടെത്താന്‍ 25 ക്യാമറകളും അതിവേഗം കണ്ടെത്താന്‍ നാലു ക്യാമറകള്‍ പ്രത്യേകം ഉണ്ട്. വാഹനങ്ങളുടെ രൂപമാറ്റം, അമിത ശബ്ദം എന്നിവ കൂടി ക്യാമറകള്‍ കണ്ടെത്തും. ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റും ഇല്ലെങ്കില്‍ 500 രൂപയാണ് പിഴ.

അമിതവേഗത്തിന് 1500 രൂപ, മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഡ്രൈവിങ് ചെയ്താല്‍ 2000 രൂപ, അനധികൃതപാര്‍ക്കിങിന് 250 രൂപ, പിന്‍സീറ്റില്‍ ഹെല്‍മെറ്റ് ഇല്ലെങ്കില്‍ 500 രൂപ, മൂന്ന് പേരുടെ ബൈക്ക് യാത്ര 1000 രൂപയാണ് പിഴ.

സംസ്ഥാനത്ത് നിരത്തിലോടുന്ന എല്ലാ വാഹനങ്ങളേയും മോട്ടോര്‍ വാഹന വകുപ്പിന്റെ നിരീക്ഷണത്തിലാക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഒരുദിവസം ശരാശരി 12-14 ജീവനുകളാണ് നിരത്തില്‍ പൊലിയുന്നത്. അപകടങ്ങള്‍ ഒഴിവാക്കുന്നതും മോട്ടോര്‍ വാഹനവകുപ്പിന്റെ മറ്റൊരു ലക്ഷ്യമാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!