500 രൂപ കൈക്കൂലി വാങ്ങവേ സീനിയർ സിവിൽ പൊലീസ് ഓഫിസർ വിജിലൻസ് പിടിയിൽ

Share our post

 കൈക്കൂലി കേസിൽ സീനിയർ സിവിൽ പൊലീസ് ഓഫിസർ വിജിലൻസ് പിടിയിൽ. പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകുന്നതിലേക്ക് 500 രൂപ കൈക്കൂലി വാങ്ങവേ കൊല്ലം, എഴുകോൺ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസറയ പ്രദീപിനെയാണ് വിജിലൻസ് പിടികൂടിയത്.

എഴുകോൺ സ്വദേശിയായ പരാതിക്കാരനായ യുവാവ് കമ്പോഡിയയിൽ പോകുന്നതിന് ഇക്കഴിഞ്ഞ 25 നു ഓൺലൈനായി പാസ്പോർട്ട് ഓഫീസ് മുഖേന അപേക്ഷ സമർപ്പിച്ചിരുന്നു. തുടർന്ന് ഓഫിസിൽ നിന്നും പരാതിക്കാരൻ താമസിക്കുന്ന എഴുകോൺ പൊലിസ് സ്റ്റേഷനിലേക്ക് പരിശോധനക്കായി അപേക്ഷ അയച്ചു കൊടുത്തു. പരിശോധിച്ചു റിപ്പോർട്ട് നൽകുവാൻ സിനിയർ സിവിൽ പൊലീസ് ഓഫിസറായ പ്രദീപിനെ ഇൻസ്പെക്ടർ ഏല്പിച്ചു.

തുടർന്ന് പ്രദീപ് മൂന്ന് ദിവസങ്ങൾക്ക് മുൻപ് പരാതിക്കാരന്റെ വീട്ടിലെത്തി സർട്ടിഫിക്കറ്റ് വാങ്ങി പരിശോധിച്ച ശേഷം ഇന്നലെ സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെട്ടു. അത് പ്രകാരം ഇന്നലെ സ്റ്റേഷനിൽ എത്തിയ പരാതിക്കാരനോട് ചില ചടങ്ങുകളൊക്കെയുണ്ടെന്നും വേണ്ട രീതിയിൽ കണ്ടാലെ സർട്ടിഫിക്കറ്റ് കിട്ടുകയുള്ളൂ എന്നും അറിയിച്ചു.

ഇന്ന് രാവിലെ പരാതിക്കാരനെ ഫോണിൽ വിളിച്ച് സ്റ്റേഷനിൽ വരാൻ ആവശ്യപ്പെട്ടതനുസരിച്ച് സ്റ്റേഷനിൽ എത്തിയപ്പോൾ “അത് തരാതെ നടക്കില്ല” എന്ന് ഉറപ്പിച്ചു പറഞ്ഞു. ഗത്യന്തരമില്ലാതെ ഈ വിവരം പരാതിക്കാരൻ വിജിലൻസ് തെക്കൻ മേഖല പോലിസ് സൂപ്രണ്ട് ജയശങ്കറിനെ അറിയിച്ചു.

അദ്ദേഹത്തിന്റെ നിർദേശ പ്രകാരം കൊല്ലം വിജിലൻസ് യൂനിറ്റ് ഡി.വൈ.എസ്.പി അബ്ദുൾ വഹാബിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണി ഒരുക്കി ഇന്ന് വൈകീട്ട് ആറു മണിയോടെ എഴുകോൺ പൊലീസ് സ്റ്റേഷനിൽ വെച്ച് പരാതിക്കാരനിൽനിന്ന് 500 രൂപ കൈക്കൂലി വങ്ങവേ പ്രദീപിനെ കൈയോടെ പിടികൂടി. അറസ്റ്റ് ചെയ്ത പ്രതിയെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!