പണിപാളും…..ഈ വാട്‌സ് ആപ്പ് ലിങ്കില്‍ കേറി ക്ലിക്ക് ചെയ്യല്ലേ,

Share our post

ലോകമെമ്പാടുമുള്ളവര്‍ സ്ഥിരമായി ഉപയോഗിക്കുന്ന ആപ്പുകളിലൊന്നാണ് വാട്‌സ് ആപ്പ്. ഉപയോക്താക്കള്‍ക്കായി ഇടയ്ക്കിടെ പുതിയ ഫീച്ചറുകളും കമ്പനി പുറത്തിറക്കാറുണ്ട്. എന്നാല്‍ ഈയടുത്തായി ആന്‍ഡ്രോയ്ഡ് ആപ്പിനെതന്നെ തകരാറിലാക്കുന്ന ബഗ്ഗുകള്‍ വാട്‌സ് ആപ്പ് (WhatsApp) ലക്ഷ്യമിട്ട് വ്യാപിക്കുന്നതായാണ് റിപ്പോര്‍ട്ട്.

ആന്‍ഡ്രോയ്ഡ് അധികൃതര്‍ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ആന്‍ഡ്രോയ്ഡ് ആപ്പിനെ തന്നെ തകർക്കാൻ കഴിയുന്ന ബഗ്ഗാണ് ഇപ്പോള്‍ വെല്ലുവിളിയുയര്‍ത്തുന്നത്. വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ ഗ്രൂപ്പ് ചാറ്റ്, വ്യക്തിഗത ചാറ്റ് എന്നിവ ഉപയോഗിക്കുമ്പോഴാണ് ബഗ്ഗ് ട്രിഗര്‍ ചെയ്യുന്നത്. wa.me/settings എന്ന ലിങ്ക് ഉപയോക്താക്കള്‍ തുറക്കുമ്പോഴാണ് ബഗ്ഗ് ട്രിഗറാകുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വാട്‌സ് ആപ്പിലെ ഗ്രൂപ്പ് ചാറ്റ്, വ്യക്തിഗത ചാറ്റ് എന്നിവയെയാണ് ഇവ കാര്യമായി ബാധിക്കുന്നത്. ഇത്തരം ലിങ്ക് ഓപ്പണ്‍ ചെയ്യുമ്പോഴാണ് ആപ്പ് ക്രാഷാകുന്നത്. എന്നാല്‍ അല്‍പ്പം സമയം കഴിഞ്ഞ് ആപ്പ് തനിയെ റിസ്റ്റാര്‍ട്ട് ആകുകയും ചെയ്യും.

ആന്‍ഡ്രോയിഡിലെ വാട്‌സ് ആപ്പിന്റെ 2.23.10.77 പതിപ്പിനെയാണ് ബഗ്ഗ് ബാധിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മറ്റ് വേര്‍ഷനുകളെയും ബാധിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒരു ട്വിറ്റര്‍ ഉപയോക്താവാണ് ഈ വാട്‌സ് ബഗ്ഗ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. വാട്‌സ് ആപ്പ് ബിസിനസ്സ് പതിപ്പായ 2.23.10.77നെ ബാധിക്കുമെന്നും ട്വിറ്റര്‍ ഉപയോക്താവ് പറഞ്ഞു. വാട്‌സ് ആപ്പില്‍ url ഷെയര്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ആപ്പ് ക്രാഷാകുന്നുവെന്നും ട്വിറ്റര്‍ ഉപയോക്താവ് പറഞ്ഞു.

ഇത്തരം പ്രശ്‌നങ്ങള്‍ നിങ്ങള്‍ക്കും അനുഭവപ്പെടുന്നുണ്ടോ? എന്നാല്‍ ഇതിനുള്ള പരിഹാരം ഇതാണ്. വാട്‌സ് ആപ്പിന്റെ ബ്രൗസര്‍ പതിപ്പായ വാട്‌സ് ആപ്പ് വെബ്ബിനെ ഈ ബഗ്ഗ് ബാധിച്ചിട്ടില്ല. വെബ്ബ് ബ്രൗസറിലൂടെ ലോഗ് ഇന്‍ ചെയ്ത് ക്രാഷിന് കാരണമായ ചാറ്റ് നിങ്ങള്‍ക്ക് ഡിലീറ്റ് ചെയ്യാവുന്നതാണ്. അതിന് ശേഷം അതേ ലിങ്ക് നിങ്ങള്‍ക്ക് ഫോണില്‍ ലഭിച്ചാലും ആപ്പ് ക്രാഷാകാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

എന്നാൽ ഈ ബഗ് വാട്ട്സ്ആപ്പ് പരിഹരിച്ചു എന്ന തരത്തിലും ചില റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇപ്പോഴും പ്രശ്നം നേരിടുന്നവർ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ആപ്പ് അപ്ഡേറ്റ് ചെയ്യണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!