കൊട്ടിയൂരിന് ഇനി ഉത്സവരാവുകൾ
        കൊട്ടിയൂർ : വൈശാഖ മഹോത്സവത്തിന് മുന്നോടിയായി കൊട്ടിയൂരിലേക്കുള്ള ഭണ്ഡാരമെഴുന്നള്ളിച്ചു. 11 മാസക്കാലമായി വിജനമായിരുന്ന കാനന നടുവിലെ അക്കരെ ക്ഷേത്രത്തിൽ ഇനി തീർഥാടകർ ഒഴുകിയെത്തും. ഭണ്ഡാരമെഴുന്നള്ളത്ത് അക്കരെ ക്ഷേത്രത്തിൽ പ്രവേശിച്ചതോടെ നിത്യപൂജകൾക്ക് തുടക്കമായി. സ്ത്രീകൾ ഉൾപ്പെടെയുള്ള ഭക്തർക്ക് ഇനി അക്കരെ  ക്ഷേത്രത്തിൽ പ്രവേശിക്കാം. 
വെള്ളിയാഴ്ച മണത്തണ കരിമ്പനക്കൽ ഗോപുരത്തിൽനിന്ന് പുറപ്പെട്ട ഭണ്ഡാരം എഴുന്നള്ളത്ത് കാണാൻ നുറുകണക്കിനാളുകൾ എത്തി.  ഉത്സവാവശ്യത്തിനുള്ള സ്വർണം, വെള്ളിപ്പാത്രങ്ങൾ, വെള്ളിവിളക്ക്, തിരുവാഭരണച്ചെപ്പ് എന്നിവ കുടിപതികൾ കൊട്ടിയൂരിലേക്ക് എഴുന്നള്ളിച്ചു.  എഴുന്നള്ളത്ത് അർധരാത്രിയോടെ ഇക്കരെ ക്ഷേത്രത്തിൽ എത്തിച്ചേർന്നു. 
അക്കരെ ക്ഷേത്രത്തിലെ അമ്മാറക്കൽ തറയിലും മുത്തപ്പൻ ദേവസ്ഥാനത്തും സ്ഥാപിക്കാനുള്ള വലിയ ഓലക്കുടകൾ സ്ഥാനികനായ പെരുംകണിയാൻ കരിയിൽ ബാബുവിന്റെ നേതൃത്വത്തിൽ കാൽനടയായി വെള്ളി ഉച്ചയോടെ ഇക്കരെ കൊട്ടിയൂരിൽ എത്തിച്ചു. ഇതും ഭണ്ഡാരം എഴുന്നള്ളത്തിനൊപ്പം അക്കരെ ക്ഷേത്രത്തിൽ എത്തിച്ചു. ഊരാളന്മാർക്കും അടിയന്തിരക്കാർക്കുമുള്ള തലക്കുടയും കാൽക്കുടകളും ഇവയോടൊപ്പം എത്തി. 
ഉത്സവ നാളിലെ അടുത്ത പ്രധാന ചടങ്ങുകളായ തിരുവോണം ആരാധന എട്ടിനും ഇളനീർവയ്‌പ്പ് ഒമ്പതിനും ഇളനീരാട്ടം  10നും നടക്കും. ഇളനീർവയ്‌പ്പിനായി ഇളനീർ വ്രതക്കാർ  സങ്കേതങ്ങളിൽ പ്രവേശിച്ചുതുടങ്ങി.
