കുരുമുളക് കടത്തി കോടികളുടെ തട്ടിപ്പ്; യാത്ര സായുധരായ അംഗരക്ഷകര്‍ക്കൊപ്പം; സാഹസികമായി പിടികൂടി പോലീസ്

വെള്ളമുണ്ട(വയനാട്): കുരുമുളക് കടത്തി വ്യാപാരികളില്‍ നിന്ന് കോടികള്‍ തട്ടിയെടുത്ത മഹാരാഷ്ട്ര സ്വദേശിയെ പോലീസ് മുംബൈയില്‍ നിന്ന് സാഹസികമായി പിടികൂടി. മൂംബൈയില്‍ താമസക്കാരനായ മന്‍സൂര്‍ നൂര്‍ മുഹമ്മദ്ഗാനിയാനി (59) യെയാണ് വെള്ളമുണ്ട പോലീസ് അറസ്റ്റുചെയ്തത്.
2019-ലാണ് ഇയാള്‍ വയനാട്ടില്‍നിന്ന് കയറ്റുമതിക്കാരന്‍ എന്ന വ്യാജേന 1090 ക്വിന്റല്‍ കുരുമുളക് കടത്തിയത്. മൂന്നുകോടിയോളം രൂപയാണ് ഈയിനത്തില്‍ വ്യാപാരികളെ വഞ്ചിച്ച് മന്‍സൂര്‍ തട്ടിയെടുത്തത്. തട്ടിപ്പിനുശേഷം അംഗരക്ഷകരോടൊപ്പം ഇയാള്‍ മുംബൈയില്‍ ഒളിവില്‍ കഴിയുകയായിരുന്നു.
പൊരുന്നന്നൂര്‍, കെല്ലൂര്‍, കാരാട്ടുകുന്ന് പ്രദേശത്തുള്ള മലഞ്ചരക്ക് വ്യാപാര സ്ഥാപനത്തില്‍ നിന്നുമാണ് 109,000 കിലോയോളം വരുന്ന കുരുമുളക് പണം ഉടന്‍ നല്‍കാമെന്ന് പറഞ്ഞുവിശ്വസിപ്പിച്ച് ഇയാള്‍ കയറ്റിക്കൊണ്ടുപോയത്. ജി.എസ്.ടി. ഉള്‍പ്പെടെ മൂന്നുകോടിയിലധികം രൂപയാണ് ഇയാള്‍ കച്ചവടക്കാര്‍ക്ക് നല്‍കാനുള്ളത്. വഞ്ചനക്കുറ്റത്തിന് വെള്ളമുണ്ട പോലീസ് രജിസ്റ്റര്‍ചെയ്ത കേസിലെ നിരന്തരമായ അന്വേഷണമാണ് പ്രതിയെ വലയിലാക്കിയത്.
2019 ജൂണ്‍, ജൂലായ് മാസങ്ങളില്‍ നടന്ന തട്ടിപ്പിനുശേഷം ഇയാളെക്കുറിച്ച് വിവരങ്ങളൊന്നുമുണ്ടായിരുന്നില്ല. സമാന കുറ്റകൃത്യങ്ങളിലേര്‍പ്പെട്ട പ്രതി പ്രത്യേക അംഗരക്ഷകരോടൊപ്പം മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ചുറ്റിക്കറങ്ങുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
തട്ടിപ്പിനുശേഷം സ്വന്തമായി ഫോണ്‍ പോലും ഉപയോഗിക്കാതെ അംഗരക്ഷകരുടെ ഫോണിലാണ് ഇയാള്‍ ഇടപാടുകള്‍ നടത്തിയിരുന്നത്. സായുധരായ അംഗരക്ഷകര്‍ക്കൊപ്പമാണ് ഇയാളുള്ളതെന്നറിഞ്ഞിട്ടും പോലീസിന്റെ സാഹസികനീക്കമാണ് പ്രതിയെ വലയിലാക്കിയത്.
ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ. കെ. രാജീവ്കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തില്‍ എ.എസ്.ഐ. കെ. മൊയ്തു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അബ്ദുള്‍അസീസ്, സിവില്‍ പോലീസ് ഓഫീസര്‍ എ. നിസാര്‍ എന്നിവരുമുണ്ടായിരുന്നു. തുടര്‍നടപടികള്‍ക്കുശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.