കാലപ്പഴക്കം; കട്ടപ്പുറത്തായത് നൂറുകണക്കിന് സര്‍ക്കാര്‍ വാഹനങ്ങള്‍, പണിയില്ലാതെ ഡ്രൈവര്‍മാര്‍

പതിനഞ്ചു വര്‍ഷം കഴിഞ്ഞ സര്‍ക്കാര്‍ വാഹനങ്ങള്‍ നിരത്തിലിറക്കരുതെന്ന ഉത്തരവിറങ്ങിയതോടെ നൂറുകണക്കിന് വാഹനങ്ങള്‍ കട്ടപ്പുറത്തായി. ഇവയുടെ ഡ്രൈവര്‍മാര്‍ കാര്യമായ ജോലിയൊന്നുമില്ലാതെയിരിക്കുന്നു. സ്വന്തം വാഹനം ഇല്ലാതായതോടെ കരാര്‍ സമ്പ്രദായത്തിലേക്ക് വിവിധ വകുപ്പുകള്‍ നീങ്ങിയിട്ടുമുണ്ട്.
ഇരുപതു മുതല്‍ മുപ്പതുവര്‍ഷംവരെ പഴക്കമുള്ള ജീപ്പുകളാണ് സര്‍ക്കാരിന്റെ പല വകുപ്പുകളിലും ഉണ്ടായിരുന്നത്. പോലീസിലും തദ്ദേശസ്ഥാപനങ്ങളിലും മറ്റു ചുരുക്കം വകുപ്പുകളിലുമാണ് അടുത്തകാലത്തായി വാങ്ങിയ വാഹനങ്ങളുള്ളത്.
വനം, എക്സൈസ്, വനിതാ ശിശുവികസനം തുടങ്ങി പല വകുപ്പുകളിലും പഴയ ജീപ്പുകളാണ്. ഇവ പലതും നേരത്തെ തന്നെ ഓടാതായി. ബാക്കിയുള്ളവയാകട്ടെ, പുതിയ തീരുമാനം വന്നതോടെ നിര്‍ത്തിയിടേണ്ടി വരുകയുംചെയ്തു.
വാഹനങ്ങള്‍ കട്ടപ്പുറത്തായെങ്കിലും അവയുടെ ഡ്രൈവര്‍മാര്‍ക്ക് പകരം ജോലി നല്‍കാനോ മറ്റു വകുപ്പുകളിലേക്ക് മാറ്റാനോ തീരുമാനം ഉണ്ടായില്ല. സംസ്ഥാനത്തെ വനിതാ ശിശുവികസന വകുപ്പില്‍ തിരുവനന്തപുരം, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട് തുടങ്ങിയ ജില്ലകളില്‍ ജില്ലാ ഓഫീസുകളിലും താലൂക്ക് ഓഫീസുകളിലുമെല്ലാമായി 40-ഓളം ഡ്രൈവര്‍ തസ്തികകളുണ്ട്.
ഇതില്‍ വിരമിച്ച ഏതാനും പേരൊഴിച്ചാല്‍ ശേഷിച്ചവരെല്ലാം ഇപ്പോഴും തസ്തികയില്‍ തുടരുന്നു. ഇവിടുത്തെയെല്ലാം ഭൂരിഭാഗം വാഹനങ്ങളും കട്ടപ്പുറത്താണ്.
കരാര്‍ വാഹനങ്ങള്‍ ലാഭകരം
പ്രതിമാസം 25,000-30,000 രൂപ വാടക നിശ്ചയിച്ച് കരാര്‍ അടിസ്ഥാനത്തില്‍ സ്വകാര്യ വാഹനമെടുത്താണ് പല വകുപ്പുകളും ഇപ്പോള്‍ കാര്യങ്ങള്‍ നിര്‍വഹിക്കുന്നത്. കാര്യമായ മറ്റു ചെലവുകളൊന്നുമില്ലാതെ വകുപ്പിന്റെ എല്ലാ ആവശ്യങ്ങളും നിര്‍വഹിക്കാനാവുന്ന ഈ സംവിധാനം വന്‍ ലാഭമാണ് സര്‍ക്കാരിനുണ്ടാക്കുന്നത്.