രാജ്യത്തെ നടുക്കി ട്രെയിനപകടം; 50 മരണം, 350-ഓളം പേർക്ക് ഗുരുതര പരിക്ക്

ഭുവനേശ്വര്‍: ഒഡീഷയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് തീവണ്ടികള്‍ ഉള്‍പ്പെട്ടതായി ഒഡീഷ ചീഫ് സെക്രട്ടറി പ്രദീപ് ജെന. ഷാലിമാറില്‍ നിന്ന് (കൊല്‍ക്കത്ത)-ചെന്നൈ സെന്‍ട്രലിലേക്ക് പോകുകയായിരുന്നു കോറോമാണ്ടല്‍ എക്‌സ്പ്രസും (12841) ചരക്ക് ട്രെയിനും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം. ഇതിനിടയില്‍ തൊട്ടടുത്ത റെയില്‍വേട്രാക്കിലൂടെ നീങ്ങുകയായിരുന്ന ഹൗറ-ബെംഗളൂരു ട്രെയിനും അപകടത്തില്‍പ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കോറോമാണ്ടല്‍ എക്‌സ്പ്രസിന്റെ പത്തോളം കോച്ചുകള്‍ പാളം തെറ്റിയെന്ന് റെയില്‍വേ വക്താവ് അമിതാഭ് ഷര്‍മ അറിയിച്ചു. പാളം തെറ്റിയ ട്രെയിന്‍ കോച്ചുകള്‍ തൊട്ടടുത്ത ട്രാക്കിലേക്ക് തെറിച്ചതാണ് മൂന്നാമതൊരു ട്രെയിന്‍ കൂടെ അപകടത്തില്‍പ്പെടാന്‍ കാരണം. ഇതോടെ യശ്വന്ത്പുറില്‍ നിന്നും ഹൗറയിലേക്ക് പോവുകയായിരുന്ന 12864 ബെംഗളൂരു-ഹൗറ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസും അപകടത്തില്‍പ്പെട്ടു. ഈ ട്രെയിനിന്റെ 3-4 കോച്ചുകള്‍ അപകടത്തില്‍പ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ബാലസോര്‍ ജില്ലയിലെ ബഹനാഗ ബസാര്‍ റെയില്‍വേ സ്റ്റേഷനില്‍ വെള്ളിയാഴ്ച രാത്രി ഏഴിനാണ് അപകടം നടന്നതെന്നാണ് വിവരം. അപകടസ്ഥലത്തുനിന്നുള്ള വീഡിയോ ദൃശ്യങ്ങളടക്കം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഗുരുതരമായ പരിക്കേറ്റ നിരവധി യാത്രക്കാരുടെ ദൃശ്യങ്ങളടക്കമാണ് പ്രചരിക്കുന്നത്. തകര്‍ന്ന നിലയിലുള്ള തീവണ്ടിയുടെ കോച്ചുകളുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. നിരവധി പേര്‍ ട്രെയിനില്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് വിവരം. അപകടത്തിന്റെ പശ്ചാത്തലത്തില്‍ ദക്ഷിണ റെയില്‍വേ കണ്‍ട്രോള്‍ റൂം തുറന്നു .
ബംഗാൾ ഹെൽപ് നമ്പർ: 033- 22143526/ 22535185
ഹൗറ: 033-26382217
ഖരഗ്പൂർ: 8972073925 & 9332392339
ബാലസോർ: 8249591559 & 7978418322
ഷാലിമർ: 9903370746
താൽകാലിക ഹെൽപ് നമ്പർ: 044- 2535 4771